മെൽബൺ: മെൽബണിലെ മലയാളി സമൂഹവും വിവ ധ സംഘടനകളും പൗരാവലിയും ചേർന്ന് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ക്ലൈയ്ഡ് നോർത്ത് ഹാളിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണം സംഘടിപ്പിച്ചത്.കേരളത്തിലെ കോൺഗ്രസിനും ലോക മലയാളി സമൂഹത്തിനും തീരാനഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗമെന്നും ഗാന്ധിജിയുടെ ആശയങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കി തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്നു കാണിച്ചു തന്ന വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്നും അനുശോചനയോഗത്തിൽ ഓ.ഐ.സി.സി ഓഷ്യാന കൺവീനർ ജോസ് എം ജോർജ് വിലയിരുത്തി.
ജാതിമത വർണ വിവേചനങ്ങൾക്ക് അപ്പുറത്തു മനുഷ്യനെ മനുഷ്യനായി കാണാൻ ശ്രമിച്ച വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നും യോഗത്തിൽ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് മദനൻ ചെല്ലപ്പൻ പറഞ്ഞു. തനിക്കുണ്ടായ അനുഭവവും അവസാന കാലത്ത് ഉമ്മൻ ചാണ്ടിയുടെ ചികിൽസയുമായി സഹായിക്കുവാൻ കഴിഞ്ഞ സാഹചര്യവും മദനൻ ചെല്ലപ്പൻ വിശദീകരിച്ചു. എല്ലാ കാലത്തും പ്രവാസി മലയാളികളുടെ കാര്യത്തിലും ഉമ്മൻ ചാണ്ടി ചെലുത്തിയ ശ്രദ്ധയും കരുതലും വളരെ വലുതായിരുന്നു. നാട്ടിലുണ്ടായ ധാരാളം അനുഭവങ്ങൾ നമുക്ക് പാഠമാകണമെന്ന് തമ്പി ചെമ്മനം (MAV മുൻ പ്രസിഡൻറ് ) അഭിപ്രായപ്പെട്ടു. പുതുപ്പള്ളി മണ്ഡലക്കാരനും ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധവുമുള്ള തോമസ് വാതപ്പള്ളി തനിക്കുണ്ടായ നല്ല അനുഭവങ്ങൾ പറഞ്ഞു. ഉമ്മൻ ചാണ്ടി എന്നും സാധാരണക്കാരന്റെ കൂടെയായിരുന്നുവെന്നും മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് കൂടിയായ തോമസ് വാതപ്പള്ളി അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ നാനാജാതി ആളുകളെ കൂട്ടിയോജിപ്പിക്കുന്ന ഒരു കണ്ണിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് എൻ്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സജി മുണ്ടയ്ക്കൻ അഭിപ്രായപ്പെട്ടു. യാതൊരു പി.ആർ വർകുമില്ലാതെ ആയിരങ്ങൾ പാതയോരങ്ങൾ കയ്യടക്കിയെങ്കിൽ അത് ജനകീയതയുടെ മാത്രമാണ് എന്ന് കേസ്സി മലയാളി പ്രസിഡൻറ് ഗിരീഷ് മാധവൻ അഭിപ്രായപ്പെട്ടു. എല്ലാ രാഷ്ടീയക്കാരും ഉമ്മൻചാണ്ടിയെ മാതൃകയാക്കണമെന്ന് നാവോദയയ്ക്ക് വേണ്ടി സംസാരിച്ച നിബാഷ് ശ്രീധരൻ പറഞ്ഞു. അനുശോചന ഗോഗത്തിൽ ഷാജി പുല്ലൻ, ടോം ജേക്കബ്ബ്, ബെന്നി കൊച്ചുമുട്ടം (CMC) ഡോ. ഷാജു കുത്തനാവള്ളി , ജോജി ലൂക്കോസ് , ബോബിഷ് ജോസ്, എന്നിവർ സംസാരിച്ചു. അജിൽ ജെ. ഓലിക്കൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഫെനിൻ സ്രാമ്പിക്കൻ നന്ദിയും പറഞ്ഞു.