ഇംഫാൽ: സാമുദായിക സംഘർഷം തുടരുന്ന മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തി. മണിപ്പൂരിൽനിന്ന് സുരക്ഷാ സേനയെ പിൻവലിക്കണമെന്നും സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് മെയ്തേയി വിഭാഗത്തിലെ വനിത കൂട്ടായ്മകൾ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് അഞ്ചു ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തി നിയന്ത്രണം ശക്തമാക്കിയത്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപുർ, കാക്ചിങ്, തൗബാൽ എന്നീ അഞ്ച് ജില്ലകളിലാണ് അതാത് ജില്ല ഭരണകൂടം ചൊവ്വാഴ്ച രാത്രി വൈകി കർഫ്യൂ ഏർപ്പെടുത്തിയത്.
നിലവിലെ സാഹചര്യത്തിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് കർഫ്യൂ ഏർപ്പെടുത്തിയതെന്നാണ് വിശദീകരണം. നേരത്തെ കർഫ്യൂ സമയത്തിൽ ഇളവ് ഏർപ്പെടുത്തിയിരുന്നു. അതേസമയം, കാര്യമായ സംഘർഷങ്ങളൊന്നും തന്നെ ഈ ജില്ലകളിലുണ്ടായിട്ടില്ലെന്നിരിക്കെയാണ് സുരക്ഷാ സേന കർഫ്യൂ ഏർപ്പെടുത്തുന്നതെന്നാണ് ആരോപണം. എന്നാൽ, നിരവധി ഗ്രാമങ്ങളിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും പ്രതിഷേധങ്ങളിൽനിന്ന് കോകോമി പിൻവാങ്ങണമെന്നും മണിപ്പൂർ മന്ത്രി എസ്. രഞ്ജൻ സിങ് ആവശ്യപ്പെട്ടു.
ആസാം റൈഫിൾസ് മുൻവിധിയോടെയാണ് പെരുമാറുന്നതെന്നും മണിപ്പൂരിൽനിന്ന് അവരെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മെയ്തേയി വനിതകളുടെ കൂട്ടായ്മയായ കോകോമി നിരവധി പ്രതിഷേധ പരിപാടികളാണ് നടത്തിയത്. എന്നാൽ, സുരക്ഷ മുൻനിർത്തി ആസാം റൈഫിൾസിനെ പിൻവലിക്കരുതെന്നാണ് കുക്കി വിഭാഗം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഘർഷങ്ങൾക്കിടെ കുക്കി വിഭാഗത്തിന് അനുകൂലമായി ആസാം റൈഫിൾസ് നിലകൊള്ളുന്നുവെന്ന ആരോപണമുന്നയിച്ച മണിപ്പൂരി നേതാവിനെതിരെ സേന കഴിഞ്ഞ മാസം നോട്ടീസ് അയച്ചിരുന്നു.
ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുള്ള കരുതൽ മേഖല മാർഗനിർദേശങ്ങൾ പാലിക്കുകമാത്രമാണെന്നാണ് ആസാം റൈഫിൾസിന്റെ വിശദീകരണം. പൊലീസിൽനിന്ന് മോഷ്ടിച്ച ആയുധങ്ങൾ തിരിച്ചേൽപ്പിക്കുന്നതിൽനിന്നും ആളുകളെ പിന്തിരിപ്പിക്കുന്നുവെന്നാരോപിച്ച് കോകോമിക്കെതിരെ രാജ്യദ്രോഹ കുറ്റവും ആസാം റൈഫിൾസ് ചുമത്തിയിരുന്നു. സംസ്ഥാനത്തെ പ്രധാന സാമുദായിക വിഭാഗമായ മെയ്തെയ് വിഭാഗത്തെ പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിക്കു പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷമുണ്ടായത്. 56 പേരാണ് ഇതുവരെ കലാപത്തിൽ കൊല്ലപ്പെട്ടത്.