മൂന്നാര്‍: അടിത്തട്ടിലെ പലക തകര്‍ന്ന് ബോട്ടിനുള്ളില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ നിന്ന് മുപ്പതിലധികം സഞ്ചാരികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ മാട്ടുപ്പെട്ടി ജലാശയത്തിലായിരുന്നു സംഭവം. ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബോട്ടാണ് അപകടത്തില്‍പെട്ടത്.
ബോട്ടിങ് സെന്ററില്‍ നിന്നു മുപ്പതിലധികം സഞ്ചാരികളുമായി യാത്ര തുടങ്ങി മിനിറ്റിനുള്ളില്‍ ബോട്ടിനുള്ളിലേക്കു വെള്ളം ഇരച്ചു കയറി. സഞ്ചാരികള്‍ ബഹളം വച്ചതോടെ ബോട്ട് തിരിച്ച് ലാന്‍ഡിങ് സ്ഥലത്തെത്തിച്ച് ആളുകളെ രക്ഷപ്പെടുത്തുകയായിരുന്നു. കാലപ്പഴക്കം മൂലം ദ്രവിച്ച പലകകള്‍ തകര്‍ന്നതാണ് അപകടത്തിന് കാരണം. തിരിച്ചിറക്കിയ സഞ്ചാരികള്‍ക്ക് പണം മടക്കി നല്കി. അപകടത്തെ തുടര്‍ന്ന് ഇന്നലെ ബോട്ട് സര്‍വീസ് നടത്തിയില്ല.മാട്ടുപ്പെട്ടിയില്‍ 77 പേര്‍ക്കു കയറാവുന്ന രണ്ടുനിലകളുള്ള സ്വകാര്യ ബോട്ട് കാലപഴക്കം മൂലം സര്‍വീസ് നടത്താന്‍ യോജിച്ചതല്ലെന്ന് കാട്ടി പ്രദേശവാസികള്‍ മുഖ്യമന്ത്രിക്കും തുറമുഖ വകുപ്പുമന്ത്രിക്കും മാസങ്ങള്‍ക്ക് മുന്‍പു പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ട്.