തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയിൽ സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറഞ്ഞ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികൾക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നാല് രൂപയ്ക്ക് വാങ്ങിയ വൈദ്യുതി 10.25 രൂപ മുതൽ 14 രൂപ നിരക്കിലാണ് ഇപ്പോൾ വാങ്ങുന്നതെന്നും നാല് അദാനി കമ്പനികളിൽ നിന്നാണ് വൈദ്യുതി വാങ്ങുന്നതെന്നും പറഞ്ഞ അദ്ദേഹം റെഗുലേറ്ററി കമ്മീഷനും സർക്കാരും ചേർന്ന് നടത്തുന്ന അഴിമതിയാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.