ലിസ്ബണ്‍: സഭയില്‍ എല്ലാവര്ക്കും ഇടമുണ്ടെന്നും ആരും ഒഴിവാക്കപ്പെടുന്നില്ലെന്നും ഫ്രാൻസിസ് മാര്‍പാപ്പ.
പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലെ എഡ്വേര്‍ഡ് ഏഴാമൻ പാര്‍ക്കില്‍ ലോക യുവജന സംഗമത്തിന്റെ മൂന്നാം ദിവസം സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ.
ഓരോ യുവാവും യുവതിയും സ്നേഹിക്കപ്പെട്ടവരായതുകൊണ്ട് പേരു ചൊല്ലി വിളിക്കപ്പെട്ടവരാണ്. ദൈവം പ്രത്യേകം ദൗത്യത്തിനായി ക്ഷണിക്കുന്നു. ദൈവം വിസ്മയങ്ങള്‍ ഒരുക്കി വച്ചാണ് നമ്മെ ക്ഷണിക്കുന്നത്. ദൈവം നമ്മെ സ്നേഹിക്കുന്നു.-മാര്‍പാപ്പ പറഞ്ഞു.
സമ്മേളനത്തിന്റെ പ്രധാന വേദികളിലൊന്നായ എഡ്വേര്‍ഡ് ഏഴാമൻ പാര്‍ക്കിലെത്തിയ മാര്‍പാപ്പ സമ്മേളത്തിന്റെ ഔദ്യോഗിക ഉദ്ഘാടന പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്കി. യൗവനത്തിന്റെ ആത്മീയതയും സംഗീതവും ലഹരിയും ആര്‍ജവവും ഊര്‍ജമായ സമ്മേളന നഗരിയില്‍ ആറു ലക്ഷത്തോളം വരുന്ന യുവജനങ്ങള്‍ ആവേശത്തോടെ ഫ്രാൻസിസ് മാര്‍പാപ്പയെ എതിരേറ്റു.
ശാരീരിക വൈകല്യങ്ങളാല്‍ സ്വാഭാവിക ചലനശേഷി നഷ്ടപ്പെട്ട നൂറുകണക്കിന് യുവാക്കള്‍ക്കും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും വിവിധ മതപ്രതിനിധികള്ക്കും വേദിക്കരികില്‍ പ്രത്യേക സ്ഥലത്ത് ഇരിപ്പിടമുണ്ടായിരുന്നു.
സംഗീത- നൃത്ത പശ്ചാത്തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. പ്രാര്‍ഥനയ്ക്കൊടുവില്‍ യുവ സന്യാസിനി പ്രതിനിധികള്‍ ആശംസാപ്രസംഗം നടത്തി. തുടര്‍ന്ന് പശ്ചാത്തല സംഗീതത്തിന്റെ അകന്പടിയില്‍ ദേശീയ പതാകകളേന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ലോകരാജ്യങ്ങളെ മുഴുവൻ പ്രതിനിധീകരിച്ച് യുവജന പ്രതിനിധികള്‍ പ്രധാന വീഥിയില്‍ അണിനിരന്നു. തുടര്‍ന്ന് സമ്മേളനത്തിന്റെ പ്രത്യേക കുരിശും പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപവും യുവാക്കള്‍ പ്രദക്ഷിണമായി എത്തിച്ച് പ്രധാന വേദിയില്‍ പ്രതിഷ്ഠിച്ചു.രാവിലെ പോര്‍ച്ചുഗലിലെ കത്തോലിക്കാ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്കും കസ്കയിലെ സ്കോളസ് ഒക്കരന്തിസ് കാര്യാലയത്തിലെ സന്ദര്‍ശനത്തിനും ശേഷമാണ് ഫ്രാൻസിസ് മാര്‍പാപ്പ സമ്മേളനസ്ഥലത്ത് എത്തിയത്.
ഇന്നു രാവിലെ യുവജനങ്ങള്‍ക്കായി നടക്കുന്ന കുമ്ബസാര കൂദാശയിലും വൈകുന്നേരം നടക്കുന്ന കുരിശിന്റെ വഴിയിലും മാര്‍പാപ്പ പങ്കെടുക്കും.