ഹൊബാർട്ട്: ഓസ്ട്രേലിയയിലെ മക്വാരി ദ്വീപിലുള്ള മറൈൻ പാർക്ക് മൂന്നിരട്ടി വിപുലീകരിച്ച് പുനർരൂപകൽപ്പന ചെയ്യാനൊരുങ്ങി ഫെഡറൽ സർക്കാർ. ടാസ്മാനിയ സംസ്ഥാനത്ത് ദശലക്ഷക്കണക്കിന് പെൻഗ്വിനുകളുടെയും സീലുകളുടെയും ആവാസ കേന്ദ്രമായ മക്വാരി ദ്വീപും പരിസര പ്രദേശങ്ങളുമാണ് സംരക്ഷിത മേഖലയാകാൻ ഒരുങ്ങുന്നത്. പരിസ്ഥിതി മന്ത്രി ടാനിയ പ്ലിബർക്കാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.വന്യജീവികളുടെ അത്ഭുതലോകമായ മക്വാരി ദ്വീപ് ദക്ഷിണ പസഫിക് സമുദ്രത്തിലെ ന്യൂസിലൻഡിനും അന്റാർട്ടിക്കയ്ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. 1997-ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിരുന്നു. പുതിയ പദ്ധതി പ്രകാരം, 388,000 ചതുരശ്ര കിലോമീറ്ററാണ് സംരക്ഷിത മേഖലയിൽ വരുന്നത്. അതായത് ജർമ്മനി എന്ന രാജ്യത്തിന്റെ വലിപ്പം വരുമിത്.
ദശലക്ഷക്കണക്കിന് കടൽപ്പക്ഷികൾ, സീലുകൾ, പെൻഗ്വിനുകൾ എന്നിവയുടെ നിർണായക ആവാസകേന്ദ്രമാണിത്. മക്വാരി ഐലൻഡ് മറൈൻ പാർക്കിന്റെ വലുപ്പം മൂന്നിരട്ടിയാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ടാനിയ പ്ലിബർസെക് പറഞ്ഞു. ഇതിന്റെ ഭാഗമായി ഭൂരിഭാഗം പ്രദേശങ്ങളിലും മത്സ്യബന്ധനം നിരോധിക്കും.’മക്വാരി ദ്വീപിന് ചുറ്റുമുള്ള സമുദ്ര ജലത്തിന്റെ സംരക്ഷണം വർദ്ധിപ്പിക്കുന്നത് ഭാവിയിൽ ഈ സുപ്രധാന ആവാസവ്യവസ്ഥയെ കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ തങ്ങളെ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. 34 കിലോമീറ്റർ നീളമുള്ള കരയും ചുറ്റും വെള്ളവുമുള്ള പ്രദേശം കടൽപ്പക്ഷികൾ പെൻഗ്വിനുകൾ, സീലുകൾ എന്നിവയുടെ പ്രജനന കേന്ദ്രമാണ്.മറൈൻ പാർക്കിന്റെ വിപുലീകരണം ഓസ്ട്രേലിയയുടെ സമുദ്രങ്ങളിലെ സംരക്ഷിത മേഖലയുടെ അളവ് 48.2% ആയി വർദ്ധിപ്പിക്കുമെന്ന് പ്ലിബർസെക് പറഞ്ഞു. സർക്കാർ പ്രഖ്യാപനത്തെ പരിസ്ഥിതി സംരക്ഷകർ സ്വാഗതം ചെയ്തു.
പദ്ധതി യാഥാർത്ഥ്യമായാൽ, മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ജീവജാലങ്ങൾക്ക് ഈ പ്രദേശം അഭയകേന്ദ്രമാകുമെന്ന് അന്റാർട്ടിക് കൺസർവേഷൻ മാനേജർ എമിലി ഗ്രില്ലി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനങ്ങൾ അമൂല്യമായ വന്യജീവി സമ്പത്തിന് ഭീഷണിയാണ്. ഈ പ്രഖ്യാപനം സമുദ്ര സംരക്ഷണത്തിനുള്ള ഒരു പ്രധാന സംഭാവനയാണെന്നും അവർ കൂട്ടിച്ചേർത്തു.നിലവിലുള്ള മറൈൻ പാർക്ക് 1999 ലാണ് സ്ഥാപിതമായത്. എന്നാൽ പിന്നീട് ഇതിന് അർഹമായ പരിഗണന ലഭിച്ചിരുന്നില്ല. പുതിയ നിർദ്ദേശം മേഖലയ്ക്ക് അർഹമായ സംരക്ഷണം ഉറപ്പാക്കുന്നുവെന്ന് പ്യൂ ചാരിറ്റബിൾ ട്രസ്റ്റിന്റെ നാഷണൽ ഓഷ്യൻസ് മാനേജർ ഫിയോണ മാക്സ്വെൽ പറഞ്ഞു.സമുദ്രത്തിലെ താപനില ഉയരുന്നതും മത്സ്യബന്ധനം പോലുള്ള മറ്റ് ഭീഷണികളും മൂലംസമുദ്രത്തിലെ സമ്പന്നമായ ജൈവിക സമ്പത്ത് നിലനിൽക്കാൻ പൊരുത്തപ്പെടുകയാണ്.
അതേസമയം, മത്സ്യ ബന്ധനം നിരോധിക്കുന്നതിൽ എതിർപ്പ്ഉയർന്നുകഴിഞ്ഞു. സർക്കാർ നിർദേശത്തെക്കുറിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്ന് മത്സ്യബന്ധന വ്യവസായത്തിൽ പ്രവർത്തിക്കുന്ന സീഫുഡ് ഇൻഡസ്ട്രി ഓസ്ട്രേലിയ പറഞ്ഞു. തൊഴിൽ, വിനോദസഞ്ചാരം, വിനോദം എന്നിവയ്ക്കായി സമുദ്രത്തെ ആശ്രയിക്കുന്നവർക്ക് കനത്ത പ്രഹരമാണ് ഈ പ്രഖ്യാപനമെന്ന് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് വെറോണിക്ക പാപകോസ്റ്റ പറഞ്ഞു.