മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇടവക ദിനത്തിനോടും കൂടാരയോഗ വാര്‍ഷികത്തിനോടും അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ മാര്‍ഗംകളി അവിസ്മരണീയമായി.
ഓസ്ട്രേലിയയിലെ ക്നാനായ തലമുറകളിലേക്ക്, ക്നാനായ തനതു കലാരൂപമായ മാര്‍ഗ്ഗംകളി പകര്‍ന്നു കൊടുക്കുക എന്ന ഉദേശ്യത്തോടെയാണ് മെഗാ മാര്‍ഗംകളി സംഘടിപ്പിച്ചത്. കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന 60 പേര് മെഗാ മാര്‍ഗംകളിയില്‍ പങ്കെടുത്തു.ഇതില്‍ നാല്പതോളം പേര് അവരുടെ അരങ്ങേറ്റവും നടത്തി. അരങ്ങേറ്റം നടത്തിയവരെയും മറ്റ് മാര്ഗംകളിക്കാരെയും ഇടവകക്കാര്, ചെണ്ടമേളംകൊണ്ട് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി വേദിയിലേക്ക് ആനയിച്ചു.മാര്‍ഗംകളിയുടെ ചരിത്രപരമായ വിവരണം, ആമുഖമായി നല്കിയ, വിജിഗീഷ് പായിക്കാട്ടിന്റെ വാക്കുകളും ശബ്ദഗാംഭിര്യവും കാണികളില്‍ ആവേശം ഉയര്‍ത്തി. പ്രിയദര്‍ശനി നൈസന്‍ കൈതക്കുളങ്ങര, ബിന്ദു ബിനീഷ് തീയത്തേട്ട് എന്നിവര്‍ മാര്‍ഗംകളിപ്പാട്ട് ആലപിച്ചു.
സുനു ജോമോന് കുളഞ്ഞിയില്‍, സില്‍വി ഫിലിപ്പ് കമ്പക്കാലുങ്കല്‍, അനിത ഷിനോയ് മഞ്ഞാങ്കല്‍, ടിന്റു അനു പുത്തന്‍പുരയില്‍, റോസ്മേരി അനീഷ് വെള്ളരിമറ്റത്തില്‍, ടിന്റു വിനോദ് മുളകനാല്‍, അജുമോന് കുളത്തുംതല തുടങ്ങിയവര്‍ പരിശീലനപരിപാടികള്‍ക്ക് നേതൃത്വം നല്കി.വെറും രണ്ട് മാസക്കാലംകൊണ്ടുതന്നെ, മാര്‍ഗംകളി പരിശീലിപ്പിക്കുകയും ഭംഗിയായി അവതരിപ്പിക്കുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നു ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.