വെല്ലിങ്ടണ്‍: ജീവിതച്ചെലവ് കൂടുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തതോടെ ന്യൂസിലാൻഡില്‍ നിന്നും യുവാക്കള്‍ പലായനം ചെയ്യുന്നു.
2024ല്‍ ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 1,31,200 പേരാണ് ന്യൂസിലാൻഡ് വിട്ടത്. പലായനത്തിന്റെ കണക്കില്‍ റെക്കോഡാണിത്.
വെല്ലിങ്ടണില്‍ താമസിക്കുന്ന ജെസീക്ക ചോങ് എന്ന യുവതി അല്‍ ജസീറയോട് നടത്തിയ പ്രതികരണം ന്യൂസിലാൻഡിലെ പലായനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ഓക്ക്ലാൻഡില്‍ താമസിക്കുന്ന ജെസീക്ക പിറന്നാള്‍ ആഘോഷത്തിനായി സുഹൃത്തുക്കളെ വിളിച്ചപ്പോഴാണ് അവരില്‍ പലരും ഇപ്പോള്‍ രാജ്യത്തില്ലെന്ന് മനസിലാക്കിയത്. മെച്ചപ്പെട്ട അവസരം തേടി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ അവരെല്ലാം രാജ്യം വിട്ടിരുന്നു. താനും അധികകാലം ന്യൂസിലാൻഡില്‍ നില്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും യു.കെയിലേക്ക് കുടിയേറാനുള്ള ഒരുക്കത്തിലാണെന്നുമാണ് ജെസീക്ക അല്‍ ജസീറയോട് പറഞ്ഞത്.
കോവിഡിന് മുമ്ബ് പ്രതിവർഷം 80,000ത്തോളം പേരാണ് രാജ്യം വിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ഇരട്ടിയായി ഉയർന്നിട്ടുണ്ട്. പലായനം ചെയ്യുന്നവരില്‍ ഭൂരിപക്ഷവും 18നും 30നും ഇടക്ക് പ്രായമുള്ളവരാണ്. രാജ്യം വിടുന്നവരില്‍ ഭൂരിപക്ഷവും വീണ്ടും ന്യൂസിലാൻഡിലേക്ക് തിരിച്ചു വരുന്നില്ലെന്നും കണക്കുകള്‍ പറയുന്നു.
ലോകത്തിലെ ജനസംഖ്യ കുറവുള്ള രാജ്യങ്ങളിലൊന്നാണ് ന്യൂസിലാൻഡ്. ഇവിടെയുള്ള ജനങ്ങള്‍ എപ്പോഴും ദീർഘകാലത്തേക്ക് വിദേശ രാജ്യങ്ങളില്‍ താമസിക്കാനായി പോകാറുണ്ട്. യു.കെ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു ഈ യാത്രകള്‍. ന്യൂസിലാൻഡിലെ ആകെ ജനസംഖ്യ 5.2 മില്യണ്‍ ആണ്. ഇതില്‍ ഒരു മില്യണ്‍ ജനങ്ങളും പുറത്തായിരുന്നു ദീർഘകാലമായി താമസിച്ചിരുന്നത്.
എന്നാല്‍, കോവിഡ് വന്നതോടെ ഏകദേശം 50,000 പേർ ന്യൂസിലാൻഡില്‍ തിരിച്ചെത്തി. എന്നാല്‍, കോവിഡിന് ശേഷം ന്യൂസിലാൻഡ് സാമ്ബത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. സമ്ബദ്വ്യവസ്ഥയില് വളർച്ച കുറയുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തു. ഇതിനൊപ്പം പണപ്പെരുപ്പം കൂടി ഉയർന്നതോടെ വലിയ പ്രതിസന്ധിയാണ് ന്യൂസിലാൻഡ് അഭിമുഖീകരിക്കുന്നത്.