ദില്ലി: മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന് കത്ത് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മല്ലികാർജുൻ ഖർഗെയ്ക്കും അധിർ രഞ്ജൻ ചൗധരിക്കുമാണ് കത്ത് നൽകിയത്. മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് നാലാം ദിനവും പ്രക്ഷുബ്ധമായതിനെ തുടർന്നാണ് അമിത് ഷാ തന്നെ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തില്ലെന്ന വാശിയിൽ കേന്ദ്രസർക്കാർ തുടരുന്നതാണ് ഇന്നും പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമാകാൻ കാരണം. പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രണ്ടു സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയിരുന്നു. ബിജെപി നേതാക്കൾ രാജസ്ഥാനിലെ ലൈംഗിക അതിക്രമം ചൂണ്ടിക്കാട്ടി ഹ്രസ്വ ചർച്ചയ്ക്ക് നൽകിയ നോട്ടീസ് അംഗീകരിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ പറഞ്ഞത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതേസമയം, സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുന്നതിൽ ഇന്ത്യ സഖ്യത്തിൽ ധാരണയായി. ഇക്കാര്യത്തിൽ ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ കോൺഗ്രസിനോട് യോജിപ്പ് അറിയിക്കുകയായിരുന്നു. രാവിലെ അവിശ്വാസ പ്രമേയം കൊണ്ടു വരുന്നതിൽ ഇന്ത്യയിൽ ചർച്ച നടന്നിരുന്നുവെങ്കിലും തീരുമാനമായിരുന്നില്ല.