ദില്ലി: മണിപ്പൂർ കലാപത്തിനിടെ മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത സംഭവത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രം. മണിപ്പൂരിൽ നടന്നത് ഹീന കുറ്റകൃത്യമാണെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും.രാജ്യത്ത് ഉടനീളം ഇത്തരം കുറ്റകൃത്യങ്ങൾക്ക് എതിരെ കർശന നടപടി എടുക്കും. കേസ് സിബിഐയ്ക്ക് കൈമാറാൻ ശുപാർശ നൽകിയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. മണിപ്പൂരിൻ്റെ പുറത്തേക്ക് കേസിന്റെ വിചാരണ മാറ്റണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം. ഇതിന് സുപ്രിംകോടതി അനുവാദം നൽകണമെന്നും കേന്ദ്രം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.