അഡിലൈഡ്: ക്രൈസ്തവർക്കെതിരെ മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങളിൽ കത്തോലിക്ക കോൺഗ്രസ് ഓസ്ട്രേലിയ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.കത്തോലിക്ക കോൺഗ്രസ് സൗത്ത് ഓസ്ട്രേലിയ യൂണിറ്റ് ഡയറക്ടർ ഫാ. സിബി പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെൽബൺ രൂപത ഡയറക്ടർ ഫാ. ജോൺ പുതുവ പ്രസംഗിച്ചു.
സെക്രട്ടറി ഷാജു മാത്യു അവതരിപ്പിച്ച പ്രമേയത്തിൽ മണിപ്പൂരിൽ നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ എല്ലാ അതിക്രമങ്ങളെയും കത്തോലിക്ക കോൺഗ്രസ് ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കുകയും പീഡിപ്പിക്കപ്പെടുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.അക്രമങ്ങൾ എത്രയും പെട്ടന്ന് അവസാനപ്പിക്കുവാനും സമാധാനം പുനഃസ്ഥാപിക്കുവാനും ശക്തമായ നടപടികൾ സ്വീകരിക്കുവാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
കലാപത്തിന് ഇരയായവർക്ക് നഷ്ട പരിഹാരവും പുനരധിവാസവും സുരക്ഷയും നൽകണമെന്നും അക്രമികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതോടൊപ്പം ആക്രമണങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡന്റ് ജോസഫ് ജോബി അബ്രഹാം സ്വാഗതവും തോമസ് ആന്റണി നന്ദിയും പറഞ്ഞു.