തിരുവനന്തപുരം: വിമാനത്തില്‍ യാത്ര നടത്തുന്ന പർവ്വതാരോഹണം ഇഷ്ട വിനോദമായ കണ്ടാൽ തികഞ്ഞ മാന്യനാണ് ഇന്നലെ തിരുവനന്തപുരത്ത് അറസ്റ്റിലായത്. തലസ്ഥാനവാസികളുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയതിന് പിന്നാലെയാണ് ഈ മാന്യനെ പൊലീസ് പിടികൂടുന്നത്. തെലങ്കാന സ്വദേശിയായ സമ്പതി ഉമ പ്രസാദിനെ വിമാനത്താവളത്തില്‍ വച്ചാണ് പൊലീസ് പിടികൂടുന്നത്. തിരുവനന്തപുരത്ത് മാത്രം മൂന്ന് മോഷണ പരമ്പരകളാണ് ഇയാള്‍ നടത്തിയത്. ആരും പ്രതീക്ഷിക്കാത്ത ഇടത്ത് ഒളിപ്പിച്ച് വച്ച കൊള്ളമുതല്‍ തിരികെയെടുക്കാനായി കേരളത്തിലേക്ക് വീണ്ടും വരുന്നതിനിടെ വിമാനത്താവളത്തിൽ വെച്ച് തന്നെയാണ് ന്യൂ ജനറേഷന് കള്ളൻ പിടിയിലായത്.
വേറിട്ട രീതികളാണ് മോഷണത്തിനായി ഇയാള്‍ തെരഞ്ഞെടുക്കുന്നത്. കേരളത്തിലെ ഒരു വീട്ടില്‍ നിന്ന് 6 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം മോഷണം നടത്താനായി നാല് വിമാന യാത്രയാണ് ഇയാള്‍ നടത്തിയത്. വിരലടയാളം പതിയാതിരിക്കാൻ കയ്യുറ, രൂപവും മുഖവും തിരിച്ചറിയാതിരിക്കാൻ ഓവർകോട്ട്. ഇങ്ങനെ പൊലീസിനെ വെള്ളം കുടിപ്പിച്ച മോഷ്ടാവിലേക്കെത്താൻ സിസിടിവി ദൃശ്യങ്ങളാണ് സഹായിച്ചത്. ഇയാൾ കയറിയ ഓട്ടോയിലെ ഡ്രൈവർ നൽകിയ വിവരമാണ് നിർണായകമായത്. ഹോട്ടലുകളിൽ നൽകിയ വിലാസവും വിമാന ടിക്കറ്റുകളും തപ്പിച്ചെന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. സ്വർണ്ണം മാത്രമേ മോഷ്ടിക്കൂ എന്നത് മാത്രമല്ല, പണയം വെച്ച് കിട്ടുന്ന പണമാണ് ചെലവിനായി ഇയാള്‍ ഉപയോഗിക്കുക. പൊലീസിനെക്കുറിച്ചും പൊലീസ് രീതികളേക്കുറിച്ചും വ്യക്തമായ ധാരണയും ഇയാൾക്ക് നേരത്തേയുണ്ട്. തെലങ്കാന പൊലീസിലെ താല്‍ക്കാലിക ജോലിയാണ് ഇതിന് ഇയാളെ സഹായിച്ചത്.
ഇഷ്ട വിനോദമായ പര്‍വ്വതാരോഹണത്തില്‍ അടുത്ത ലക്ഷ്യം എവറസ്റ്റാണ് എന്നാണ് ഇയാള്‍ പൊലീസിനോട് വിശദമാക്കിയത്. ഇതിനായി ലക്ഷങ്ങള്‍ ചെലവുണ്ട്. കുറച്ച് ലക്ഷങ്ങള്‍ ഇതിനോടകം സ്വരുക്കൂട്ടിയിട്ടുണ്ട് മിച്ചമുള്ള പണത്തിനായാണ് കേരളത്തിലേക്കുള്ള വരവെന്നും ഇയാള്‍ പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. ഭിന്നശേിക്കാരായ മാതാപിതാക്കള്‍ക്ക് എവറസ്റ്റ് സ്വപ്നത്തിന് പണം സമാഹരിക്കുന്നതിന് സാധിക്കില്ലെന്ന തിരിച്ചറിവോടെയാണ് പ്ലാന്‍ ചെയ്തുള്ള മോഷണങ്ങളെന്നും ഇയാള്‍ വിശദമാക്കിയതായാണ് പൊലീസ് പ്രതികരിക്കുന്നത്. മെയ് മാസത്തില്‍ കേരളത്തിലെത്തിയ ഉമാ പ്രസാദ് വിനോദദ സഞ്ചാര കേന്ദ്രങ്ങളും ശ്രീപത്മനാഭസ്വാമി ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. ഈ കറക്കത്തിനിടെയാണ് കയറേണ്ട വീടുകള്‍ കണ്ടെത്തി വച്ചത്.
ആളില്ലാത്ത വീടുകള്‍ നോക്കി വച്ച് വിമാനത്തില്‍ തിരികെ നാട്ടിലേക്ക് മടങ്ങിയ ശേഷം ജൂണ്‍ 6ന് തിരികെ വീണ്ടും വിമാനത്തില്‍ കേരളത്തിലെത്തി. നേരത്തെ കണ്ടുവച്ച വീടുകളില്‍ ഒന്നിന് പിറകേ ഒന്നായി മോഷണം നടത്തി മടങ്ങി. എന്നാല്‍ അധികമായി സ്വര്‍ണം വിമാനത്തില്‍ കൊണ്ടുപോകുന്നത് സംശയത്തിന് കാരണമാകും എന്നതിനാല്‍ ചാക്ക മേല്‍പ്പാലത്തിന്റെ തൂണില്‍ കടലാസില്‍ പൊതിഞ്ഞ് വച്ചിരുന്നു. ഇത് തിരികെ എടുക്കാനായി വന്ന വരവിലാണ് പറക്കും കള്ളന് പൊലീസ് വലയിലായത്. 13ഓളം മോഷണക്കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ജയിലില്‍ നിന്ന് ഇറങ്ങിയാലും എവറസ്റ്റ് കയറാനുള്ള ശ്രമം തുടരുമെന്നാണ് തെലങ്കാന ഖമ്മം സ്വദേശിയായ സമ്പതി ഉമാപ്രസാദ് പൊലീസിനോട് കൂസലില്ലാതെ പറയുന്നത്.