മുംബൈ: ഉറങ്ങിക്കിടക്കുന്ന ബിസിനസുകാരനായ ജേഷ്ഠന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തി അനിയൻ. കുത്തിയ കത്തിയുമായി ബൈക്കിൽ ആശുപത്രിയിലെത്തി സ്വയം ചികിത്സ തേടി സഹോദരൻ. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ് ചോരവാർന്നെത്തിയ ബിസിനസുകാരന് മരണത്തിൽ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി. 32 കാരനായ തേജസ് പാട്ടീല്‍ ആണ് കുത്തേറ്റ മുറിവുമായി സ്വയം ബൈക്കോടിച്ച് ആശുപത്രിയിലെത്തിയത്.
ജൂണ്‍ മൂന്നാം തീയതിയാണ് സംഭവം നടന്നത്. സൻപാഡയിലെ സെക്ടർ 5ലെ വീട്ടിൽ തേജസ് ഉറങ്ങുകയായിരുന്നു. ഈ സമയത്ത് സഹോദരൻ മോനിഷ് (30) തേജസിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി. തുടർന്ന് മോനിഷ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കുത്തേറ്റ കത്തിയൂരാതെ ചോരയൊലിച്ച കഴുത്തുമായി തേജസ് ഉടനെ തന്നെ ബൈക്കിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. അസഹനീയമായ വേദനയും രക്തസ്രാവവും വകവയ്ക്കാതെയാണ് തേജസ് ബൈക്കോടിച്ച് ഒരു കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിയത്.