ലിയോനാർഡോ ഡികാപ്രിയോ, ജാരെഡ് ലെറ്റോ എന്നിവർക്ക് മലമൂത്രവിസർജ്ജ്യം പാഴ്സലായി അയച്ച ആളിൽ നിന്നും പിഴയീടാക്കി കോടതി. വെസ്റ്റ് ഓസ്ട്രേലിയ സ്വദേശിയായ വെറോണിക്ക ഗ്രേ എന്ന 49 -കാരനാണ് പിടിയിലായത്.
ഓസ്ട്രേലിയ പോസ്റ്റിലൂടെ ഇയാൾ അയച്ച പാഴ്സലുകളിൽ ഒന്ന് പൊട്ടി തപാൽ ജീവനക്കാരന്റെ മേൽ വീണതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലിയോനാർഡോ ഡികാപ്രിയോ, ജാരെഡ് ലെറ്റോ എന്നിവരെ അഭിസംബോധന ചെയ്ത് രണ്ട് പാഴ്സലുകളാണ് ഇയാൾ അയച്ചത്. ഇയാൾക്കെതിരെ സ്വമേധയാ കേസെടുത്ത കോടതി പിഴയായി രണ്ടര ലക്ഷം രൂപ ഈടാക്കി.
പ്രതിഭാഗം അഭിഭാഷകൻ ഇയാളുടെ മാനസികനില ശരിയല്ല എന്ന് തെളിയിക്കുന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതോടെയാണ് കോടതി ശിക്ഷ പിഴയിൽ ഒതുക്കിയത്. വെറോണിക്ക ഗ്രേയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ കായ ഗുഡിംഗ് തൻറെ കക്ഷിക്ക് അഡ്ജസ്റ്റ്മെന്റ് ഡിസോർഡർ ഉണ്ടെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് കോടതിയിൽ ഹാജരാക്കിയത്. യാതൊരു വിധത്തിലുള്ള വ്യക്തിവൈരാഗ്യവും ഇയാൾക്ക് ആരോടും ഇല്ലെന്നും എന്നാൽ നെഗറ്റീവ് ചിന്തകൾക്ക് അടിമപ്പെടുകയും കടുത്ത മാനസിക സമ്മർദ്ദത്തിൽ കഴിയുകയും ചെയ്യുന്നതിനാലാണ് ഇത്തരത്തിൽ ഒരു പ്രവൃത്തി ഇയാൾ ചെയ്തതെന്നും കായ ഗുഡിംഗ് കോടതിയിൽ പറഞ്ഞു.
ഫിലിപ്പീൻസിലാണ് വെറോണിക്ക ജനിച്ചത്. താത്കാലിക ബ്രിഡ്ജിംഗ് വിസയിൽ ഓസ്ട്രേലിയയിലാണ് ഇപ്പോൾ താമസിക്കുന്നത്. കുറ്റാരോപണങ്ങൾ തള്ളിക്കളയാൻ കോടതിയോട് ആവശ്യപ്പെട്ട പ്രതിഭാഗം അഭിഭാഷകൻ തന്റെ പ്രവർത്തനങ്ങളിൽ വെറോണിക്ക പശ്ചാത്താപവും പ്രകടിപ്പിച്ചതായും പറഞ്ഞു. ഇനിയും ഇയാൾ തെറ്റ് ആവർത്തിക്കില്ലെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇതിൻറെ അടിസ്ഥാനത്തിലാണ് കോടതി രണ്ടര ലക്ഷം രൂപ പിഴ മാത്രം ഈടാക്കി ഇയാളെ വിട്ടയക്കാൻ തീരുമാനിച്ചത്.