സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഓരോ ദിവസവും വർധിച്ചു വരികയാണ്. ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് പുറമെ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് സ്ത്രീകളെ ചൂഷണം ചെയ്യുന്നവരും ഉണ്ട്. എന്നാൽ, ആകാശത്ത് പോലും സ്ത്രീകൾക്ക് രക്ഷയില്ല എന്ന് തെളിയിക്കുകയാണ് ഇപ്പോൾ വരുന്ന ഒരു വാർത്ത. വിമാനത്തിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യാത്രക്കാരനെതിരെ വനിതാ കമ്മീഷൻ നോട്ടീസ് പുറപ്പെടുവിച്ചു.
വിമാനത്തിൽ യാത്രക്കാരൻ ഒരു വനിതാ ഫ്ലൈറ്റ് അറ്റൻഡന്റിന്റെയും സഹയാത്രികയുടെയും അടിവസ്ത്രത്തിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയായിരുന്നു. വിമാനത്തിൽ യാത്ര ചെയ്തിരുന്ന മറ്റൊരു യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. 2023 ഓഗസ്റ്റ് 16 ബുധനാഴ്ച ഉച്ചയ്ക്ക് ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം.യുവതി പറയുന്നത് ഫ്ലൈറ്റ് അറ്റൻഡന്റ് ഇയാളുടെ അടുത്ത് നിന്നപ്പോൾ അയാൾ രഹസ്യമായി അവരുടെ അടിവസ്ത്രത്തിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചു എന്നാണ്. പിന്നീട്, ഫ്ലൈറ്റ് അറ്റൻഡന്റും ഇയാൾ ചിത്രങ്ങൾ പകർത്തിയതായി ആരോപിച്ചു. പിന്നാലെ, ഇയാളുടെ ഫോൺ വാങ്ങി പരിശോധിച്ചപ്പോൾ അതിൽ നിന്നും ചിത്രങ്ങൾ കിട്ടി. ഫ്ലൈറ്റ് അറ്റൻഡന്റിന്റേത് കൂടാതെ ഒരു യാത്രക്കാരിയുടെ ചിത്രവും ഫോണിൽ ഉണ്ടായിരുന്നു.
പിന്നീട്, സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കുകയും വിമാനം എത്തിയപ്പോൾ ഇയാളെ കൊണ്ടുപോവുകയും ചെയ്തു. സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) സ്വമേധയാ കേസെടുത്ത ശേഷം വെള്ളിയാഴ്ചയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) ഡിസിപിക്കും നോട്ടീസ് അയച്ചത്. സംഭവത്തിൽ വിശദീകരണം നൽകാൻ വനിതാ കമ്മീഷൻ ആഗസ്ത് 23 വരെ സമയം നൽകിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമാക്കിക്കൊണ്ട് വിമാനത്തിൽ യാത്ര ചെയ്തിരുന്ന യുവതി പങ്കുവച്ച വീഡിയോ ആളുകളിൽ വലിയ രോഷമാണുണ്ടാക്കിയത്.