വ്യക്തി ബന്ധങ്ങളും ബിസിനസും രണ്ടാണ്. ഇവ രണ്ടും കൂട്ടിക്കുഴച്ചാല്‍ അത് ആദ്യം വ്യക്തിബന്ധങ്ങളെയും പിന്നീട് ബിസിനസിനെയും സാരമായി ബാധിക്കും. സ്ത്രീ ശാക്തീകരണം എന്ന ആശയം ശക്തമായതോടെ ലോകമെങ്ങുമുള്ള സ്ത്രീകള്‍ മുഖ്യധാരയിലേക്ക് കടന്നു വന്നു. അതേ സമയം, സ്ത്രീകള്‍ ജോലിയ്ക്ക് പോകാന്‍ തുടങ്ങിയതോടെ ഗര്‍ഭാവസ്ഥ, കുട്ടികളുടെ പരിചരണം എന്നീ കാര്യങ്ങളില്‍ പലപ്പോഴും വീടുകളില്‍ സംഘർഷങ്ങള്‍ ഉടലെടുക്കുന്നു. അത്തരമൊരു അനുഭവം ഒരു യുവതി സമൂഹ മാധ്യമമായ റെഡ്ഡിറ്റില്‍ പങ്കുവച്ചപ്പോള്‍ അത് ഏറെ പേരുടെ ശ്രദ്ധ നേടി.
തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതിനാൽ, കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കാനായി ഭര്‍ത്താവ് തന്നോട് ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടെന്ന് 35 കാരിയായ യുവതി സമൂഹ മാധ്യമമായ റെഡ്ഡിറ്റില്‍ എഴുതി. ’35 -കാരായ താനും ഭര്‍ത്താവും വിവാഹിതരായിട്ട് ആറ് വര്‍ഷമായി. ഇതിനിടെ തങ്ങള്‍ക്ക് രണ്ട് കുട്ടികള്‍ ജനിച്ചു. ഞാന്‍ നല്ലൊരു വീട്ടമ്മയും അമ്മയുമാകാന്‍ ജോലി രാജിവയ്ക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ വാക്കുകളില്‍ എനിക്ക് വലിയ അസ്വസ്ഥത തോന്നി.’ യുവതി എഴുതി. ഭര്‍ത്താവിന്‍റെ ആവശ്യത്തെ കുറിച്ച് ചിന്തിച്ച യുവതി ഒടുവില്‍ ഭര്‍ത്താവിന്‍റെ കമ്പനിയുടെ പകുതി സ്വത്ത് ലഭിച്ചാല്‍ ജോലി രാജിവയ്ക്കാമെന്ന് അറിയിച്ചു.