കാൻബറ: മലയാളത്തിന്റെ മഹാ നടന് ആസ്ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ്. കാൻബറയിലെ ആസ്ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ആസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉത്ഘാടനവും പാർലമന്റ് ഹൌസ് ഹാളിൽ നടന്നു.
ആദ്യ സ്റ്റാമ്പ് ആസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറയ്ക്കു കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസി യുടെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ ആൻഡ്രൂ ചാൾട്ടൻ എം.പി പ്രകാശനം ചെയ്തു.
ചടങ്ങിന് ആശംസകള റിയിച്ചികൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു.
ആസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനു ആസ്ട്രേലിയൻ ദേശീയ പാർലമെന്റിലെ എം പി മാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് “പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ”.
ഇന്ത്യൻ സാംസ്കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആൻഡ്രൂ ചാൾട്ടൻ എം.പി പറഞ്ഞു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്കാരികതയെ ആണ് തങ്ങൾ ആദരിക്കുന്നതെന്ന് ആൻഡ്രൂ ചാൾട്ടൻ കൂട്ടിച്ചേർത്തു.
താൻ വളർന്ന് വന്ന തന്റെ സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങൾ ഓരോ ഇന്ത്യൻ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ആസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മൻപ്രീത് വോറ അഭിപ്രായപ്പെട്ടു. ആസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാകൾക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഫാമിലി കണക്റ്റ്’ പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റർ മുറേയ് വാട്ട് പറഞ്ഞു.
ട്രെയ്ഡ് ആൻഡ് ടൂറിസം മിനിസ്റ്റർ ഡോൺ ഫാരൽ ഇന്ത്യയിലെ ആസ്ട്രേലിയൻ നിയുക്ത ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡാനിയേൽ മക്കാർത്തി, പാർലമെന്ററി സമിതി ഉപാധ്യക്ഷൻ ജൂലിയൻ ലീസർ സെന്റർ ഫോർ ആസ്ട്രേലിയ ഇന്ത്യ റിലേഷൻസ് സി.ഇ.ഒ ടിം തോമസ്, എ.ഐ.ബി.സി നാഷണൽ അസ്സോസിയേറ്റ് ചെയർ ഇർഫാൻ മാലിക്, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറുമായ റോബർട്ട് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
ആസ്ട്രേലിയയിലെ നിരവധി എം.പി മാർ, സെനറ്റ് അംഗങ്ങൾ, ഹൈക്കമ്മീഷണർ ഓഫീസ് ഉദ്യോഗസ്ഥർ, ആസ്ട്രേലിയയിലെ വിവിധ ഇന്ത്യൻ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി നൂറ്റി അൻപതോളം പേർ ചടങ്ങിൽ പങ്കെടുത്തു.ആസ്ട്രേലിയൻ തപാൽ വകുപ്പിന്റെ പേഴ്സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകൾ ഇന്ന് മുതൽ വിപണിയിലെത്തും. ആസ്ട്രേലിയയിൽ തപാലിലൂടെ ലഭ്യമാകുന്ന “കേരള ന്യൂസ് ‘ പത്രം അടുത്ത മാസങ്ങളിൽ മമ്മൂട്ടിയുടെ മുഖമുള്ള സ്റ്റാമ്പ്കളുമായാവും വീടുകളിൽ എത്തുക.
നിരവധി വർഷങ്ങളായി ഓസ്ട്രേലിയൻ ഓൺലൈൻ മാധ്യമ മേഖലയിൽ സത്യസന്ധതയിലൂടെയും, സുതാര്യതയിലൂടെയും തങ്ങളുടെതായ കയ്യൊപ്പ് ചാർത്തിയ കേരള ന്യൂസിന്റെ മാസത്തിലൊരിക്കൽ പുറത്തിറങ്ങുന്ന, ഓസ്ട്രേലിയൻ മലയാളികളുടെ വീടുകളിൽ തപാലിൽ എത്തിച്ചേരുന്ന പ്രിന്റെഡ് പത്രങ്ങൾക്ക് മമ്മൂട്ടിയുടെ മുഖമുള്ള സ്റ്റാമ്പുകൾ ആയിരിക്കും ഉപയോഗിക്കുക എന്ന് കേരള ന്യൂസ് ചീഫ് എഡിറ്റർ ശ്രീ. ജോസ് എം ജോർജ് വാർത്താ കുറിപ്പിൽ അറിയിച്ചു. മലയാളത്തിന്റെ മഹാ നടനുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ അങ്ങേയറ്റം അഭിമാനം ഉണ്ടെന്നും കേരള ന്യൂസ് ചീഫ് എഡിറ്റർ വ്യക്തമാക്കി.