കൊച്ചി: ഓസ്ട്രേലിയിലെ ഇന്ത്യൻ വംശജനായ ആദ്യമന്ത്രി ജിൻസൺ ആന്റോ ചാൾസ് തന്റെ ആദ്യ മാർഗദർശിയായ മമ്മൂട്ടിയെ സന്ദർശിച്ചു.
ജീവകാരുണ്യപ്രവർത്തനത്തിലെ പഴയ സഹപ്രവർത്തകനെ മന്ത്രിയായി മുന്നിൽ കണ്ടപ്പോൾ മമ്മൂട്ടിക്കും അഭിമാനനിമിഷമായിരുന്നു. കൊച്ചിയിൽ ചിത്രീകരണം തുടരുന്ന മഹേഷ് നാരായണന്റെ മമ്മൂട്ടി–മോഹൻലാൽ ചിത്രത്തിന്റെ സെറ്റിലായിരുന്നു കൂടിക്കാഴ്ച.
ഓസ്ട്രേലിയിലെ നോർത്തേൺ ടെറിട്ടറിയിൽ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മമ്മൂട്ടിയെ കാണാനെത്തിയ ജിൻസൻ, തന്റെ പ്രിയതാരത്തെ ഓസ്ട്രേലിയയിലേയ്ക്ക് രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. ഓസ്ട്രേലിയൻ സന്ദർശനത്തിന് ക്ഷണിച്ചു കൊണ്ടുള്ള സർക്കാരിന്റെ ഔദ്യോഗികകത്ത് ജിൻസൺ മമ്മൂട്ടിക്ക് കൈമാറി. സിനിമയടക്കം ആറ് സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ ക്ഷണം മമ്മൂട്ടി ഹൃദയപൂർവം സ്വീകരിച്ചു. ചെറിയ കാലംകൊണ്ട് ഭിന്ന മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ മറ്റൊരു രാജ്യത്തിന്റെ ഭരണതലപ്പത്തേക്ക് എത്തിയ ജിൻസനെ മമ്മൂട്ടി അഭിനന്ദിച്ചു.
വർഷങ്ങളോളം മമ്മൂട്ടിയുടെ കാരുണ്യദൗത്യങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ജിൻസൺ കാണാനെത്തിയപ്പോൾ മമ്മൂട്ടി ചുറ്റും നിന്നവരോട് പറഞ്ഞു: ‘നമ്മുടെ ഫാൻസിന്റെ പഴയ ആളാ…’ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാട്ടിലുണ്ടായിരുന്ന കോട്ടയം പാലാ സ്വദേശിയായ ജിൻസൺ ഓസ്ട്രേലിയയിലേക്ക് മടങ്ങുന്ന ദിവസമാണ് മമ്മൂട്ടിയെ കാണാനെത്തിയത്.
ഓസ്ട്രേലിയയിലേക്ക് കൊച്ചിയിൽനിന്ന് നേരിട്ട് വിമാനസർവീസ് തുടങ്ങുന്നതിനായി സർക്കാരിനെക്കൊണ്ട് എന്തെങ്കിലും ചെയ്യിച്ച് കൂടെ എന്നായിരുന്നു മമ്മൂട്ടിയുടെ ആദ്യ ചോദ്യം. ഓസ്ട്രേലിയൻ പാർലമെന്റിനെക്കുറിച്ചും അവിടത്തെ സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ചുമെല്ലാം കണ്ടറിഞ്ഞ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ജിൻസണ് അത്ഭുതം.
മമ്മൂട്ടി കുടുംബത്തിനും സുഹൃത്ത് രാജശേഖരനും ജീവ കാരുണ്യ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്ന റോബർട്ട് കുര്യാക്കോസിനുമൊപ്പം ഓസ്ട്രേലിയയിൽ നടത്തിയ ദീർഘദൂര കാർ യാത്രയുടെ വിശേഷങ്ങളും റോഡ്, ട്രാഫിക് കഥകളും അദ്ദേഹം പങ്കുവച്ചു. ജീവിതത്തിൽ ഏറെ കടപ്പാടും സ്നേഹവുമുള്ള മനുഷ്യനാണ് മമ്മൂട്ടിയെന്നും നടനപ്പുറം ലോകമറിയാതെ അദ്ദേഹം ചെയ്യുന്ന സേവനപ്രവർത്തനങ്ങളാണ് തനിക്ക് പ്രചോദനമായതെന്നും ജിൻസൻ ചാൾസ് പ്രതികരിച്ചു.
2007-ൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷനുമായി സഹകരിച്ച് ‘കാഴ്ച്ച’ എന്ന സൗജന്യ നേത്ര ചികത്സാ പദ്ധതിക്ക് രൂപം കൊടുത്തപ്പോൾ ആശുപത്രിയിൽ നിന്നുള്ള വിദ്യാർത്ഥി വോളന്റിയേഴ്സിനെ നയിച്ചത് അന്നത്തെ അവിടുത്തെ നഴ്സിങ് വിദ്യാർത്ഥി ആയിരുന്ന ജിൻസൻ ആയിരുന്നു. നേത്ര ചികിത്സാ ക്യാമ്പുകളിൽ സജീവ സാന്നിധ്യമായിരുന്ന ജിൻസൻ പിന്നീട് മമ്മൂട്ടി, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആരംഭിച്ചപ്പോൾ അതിൽ സജീവ സാന്നിധ്യമാവുകയിരുന്നു. പിന്നീട് ആസ്ട്രേലിയയിലേക്ക് കുടിയേറിയപ്പോഴും പ്രിയനടന്റെ സാമൂഹിക സേവനപദ്ധതികളുടെ ഭാഗമായി തന്നെ ജിൻസൻ തുടർന്നു.