ബീജിംഗ് : 2014ല്‍ പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്തിന് സമീപത്തുവച്ച് അപ്രത്യക്ഷമായ മലേഷ്യൻ എയര്‍ലൈൻസ് വിമാനമായ എം.എച്ച് 370 ന് എന്തു സംഭവിച്ചെന്നറിയാൻ പുതിയ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ചൈനീസ് കോടതിയില്‍ ഹര്‍ജി.
239 യാത്രികരുമായി കാണാതായ എം.എച്ച് 370ലെ ചൈനീസ് യാത്രികരുടെ ബന്ധുക്കളാണ് അന്വേഷണത്തിനായി രംഗത്തെത്തിയിരിക്കുന്നത്. 40ലേറെ കുടുംബങ്ങള്‍ നഷ്ടപരിഹാരത്തിനായി മലേഷ്യൻ എയര്‍ലൈൻസ്, ബോയിംഗ് വിമാന കമ്ബനി, എൻജിൻ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സ്, അലയൻസ് ഇൻഷ്വറൻസ് ഗ്രൂപ്പ് എന്നിവര്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് മലേഷ്യൻ പ്രധാനമന്ത്രി അൻവര്‍ ഇബ്രാഹിമിന് തുറന്ന കത്തുമെഴുതി.
2014 മാര്‍ച്ച് 8ന് മലേഷ്യയിലെ ക്വാലാലംപ്പൂരില്‍ നിന്ന് ചൈനയിലെ ബീജിംഗിലേക്ക് പറന്നുയര്‍ന്ന ഫ്ലൈറ്റ് 370 വിമാനവുമായി ഒരു മണിക്കൂറിനുശേഷം എല്ലാ ആശയവിനിമയവും തടസപ്പെടുകയും കാണാതായതായി സ്ഥിരീകരിക്കുകയുമായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തില്‍ എം.എച്ച് 370ന് വേണ്ടി വിവിധ ലോക രാജ്യങ്ങളും അന്താരാഷ്ട്ര ഏജൻസികളും ലക്ഷക്കണക്കിന് ഡോളര്‍ ചെലവിട്ട് അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.
2016ല്‍ മഡഗാസ്കറിന് കിഴക്കായി ഇന്ത്യൻ മഹാസമുദ്രത്തില്‍ നിന്ന് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. വിമാനത്തിന്റേതെന്ന് സംശയിക്കുന്ന മറ്റ് ചില ഭാഗങ്ങള്‍ പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്ര തീരങ്ങളില്‍ അടിഞ്ഞിട്ടുണ്ട്. ഇതില്‍ ചിലത് ഫ്ലൈറ്റ് 370ന്റേത് തന്നെയാകാമെന്നാണ് ഉറച്ചു വിശ്വസിക്കുന്നു.
സംഭവിച്ചത് എന്തെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ എം.എച്ച് 370നെ ചുറ്റിപ്പറ്റി നിരവധി സിദ്ധാന്തങ്ങളും പ്രചരിക്കുന്നുണ്ട്. എം.എച്ച് 370നെ അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടുപോയെന്ന വിചിത്രവാദങ്ങള്‍ വരെ പ്രചാരത്തിലുണ്ട്.