സിഡ്നി: വിമാനം പൊട്ടിത്തെറിപ്പിക്കുമെന്ന യാത്രക്കാരന്റെ ഭീഷണിയെ തുടര്‍ന്ന് ടേക്ക് ഓഫ് ചെയ്ത് മൂന്ന് മണിക്കൂറിന് ശേഷം വിമാനം തിരിച്ചിറക്കി.ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്ക് സിഡ്നിയില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പുറപ്പെട്ട മലേഷ്യൻ എയര്‍ലൈൻസിന്റെ എം.എച്ച് 122ലാണ് സംഭവം.199 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രാമദ്ധ്യേ ബാഗുമായി എഴുന്നേറ്റ ഒരു യാത്രക്കാരൻ ‘ വിമാനം ഇപ്പോള്‍ പൊട്ടിത്തെറിക്കുമെന്ന് ‘ ഭീഷണിപ്പെടുത്തുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനം സിഡ്നിയിലേക്ക് തന്നെ തിരിച്ചിറക്കാൻ ഫ്ലൈറ്റ് കമാൻഡര്‍ തീരുമാനിച്ചു.ജീവനക്കാര്‍ യാത്രക്കാരന്റെ ബാഗ് വാങ്ങി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. സിഡ്നിയില്‍ എത്തിയ ഉടൻ 45കാരനായ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.