സിഡ്നി: ന്യൂസൗത്ത് വെയിൽസ് സംസ്ഥാന തെരഞ്ഞെടുപ്പിൽ കായംകുളം ചിറക്കടവം കണ്ടത്തിൽ സുനിൽ ജയദേവൻ ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കും. ഈ മാസം 25 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വെസ്റ്റേൺ സിഡ്നിയിലെ മൗണ്ട് ഡ്രൂട്ട് ഡിസ്ട്രിക്ട് ഇലക്ട്രേറ്റിലാണ് സുനിൽ മത്സരിക്കുന്നത്. 12 വർഷമായി തുടർച്ചയായി ലിബറൽ പാർട്ടി ഭരിക്കുന്ന NSW-ൽ ആദ്യമായാണ് ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി ഒരു മലയാളി അങ്കത്തിന് ഒരുങ്ങുന്നത്.
23 വർഷമായി ഓസ്ട്രേലിയയിൽ ജീവിക്കുന്ന സുനിൽ വിദ്യാഭ്യാസ മേഖലയിൽ സീനിയർ ലക്ചററായി സേവനം അനുഷ്ടിച്ച് വരികയാണ്. ഓസ്ട്രേലിയയിൽ എത്തിയത് മുതൽ ഇദ്ദേഹം ലിബറൽ പാർട്ടി പ്രവർത്തകനാണ്. കോളേജ് കാലഘട്ടത്തിൽ കെ.എസ്.യു പ്രവർത്തകനായിരുന്നു. കെ.എസ്.യു കായംകുളം എം.എസ്.എം. കോളേജ് യൂണിറ്റ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായും കോൺഗ്രസ് സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ ബീന ഓസ്ട്രേലിയയിൽ ഭക്ഷ്യകയറ്റുമതി വകുപ്പിലും മകൾ മേഘ ഹോസ്പിറ്റാലിറ്റി രംഗത്തും ജോലി ചെയ്യുന്നു. അതേസമയം സുനിലിന്റെ എതിരാളി ലേബർ പാർട്ടി സ്ഥാനാർത്ഥി എഡ്മണ്ട് അറ്റെല്ലയാണ്.