തൃശൂര്‍: കാര്‍ഗില്‍ വിജയ് ദിവസിന്റെ ആഘോഷത്തിന്റെ ഭാഗമായി കാര്‍ഗിലില്‍ നടത്തിയ മാരത്തോണ്‍ മത്സരത്തില്‍ ഒന്നാമതെത്തി മലയാളികള്‍ക്ക് അഭിമാനമായി സുബേദാര്‍ ഷാനവാസ്. തൃശൂര്‍ പാവറട്ടി സ്വദേശി ഷാനവാസാണ് കേരളത്തിനഭിമാനമായത്. കാര്‍ഗിലിലെ ഹെലിപാഡ് ഗ്രൗണ്ടില്‍നിന്നും ആരംഭിച്ച് ദ്രാസ് വരെയുള്ള 54 കിലോമീറ്ററാണ് ഓടിത്തീര്‍ത്താണ് ഷാനവാസിന്റെ നേട്ടം. കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ഓടി റെക്കോഡിട്ട മാരത്തോണ്‍ താരം കുമാര്‍ അജ്വനിയടക്കം നിരവധി പ്രഗത്ഭര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു.
കാര്‍ഗിലില്‍ താന്‍ നേടിയ ഈ വിജയം മാതൃരാജ്യത്തിനുവേണ്ടി കാര്‍ഗിലില്‍ ജീവന് നല്കിയ സഹോദരങ്ങളായ ധീരജവാന്മാര്ക്ക് സമര്‍പ്പിക്കുന്നതായി ഷാനവാസ് പറഞ്ഞു. സിംഗപ്പൂര്‍ മാരത്തോണില്‍ ഇന്ത്യക്കുവേണ്ടി സ്വര്‍ണം, ബെംഗളൂരുവില്‍ നടന്ന ലിപ്ടണ്‍ മാരത്തോണ്‍, സണ്‍ ഫീസ്റ്റ് മാരത്തോണ്‍, ഉഡുപ്പി മാരത്തോണ്‍ എന്നിവയില്‍ കര്‍ണാടകയ്ക്ക് വേണ്ടി 12 തവണയും 10 കിലോമീറ്റര്‍ ഓട്ടത്തില്‍ നാലു വര്‍ഷം തുടര്‍ച്ചയായും ഒന്നാംസ്ഥാനം തുടങ്ങി നിരവധി ദേശീയ- അന്തര്‍ദേശീയ മത്സരങ്ങളിര് ഒന്നാംസ്ഥാനം നേടിയിട്ടുണ്ട് ഷാനവാസ്. പാവറട്ടി പോക്കാക്കില്ലത്ത് മുഹമ്മദിന്റേയും മുഫിദയുടെയും മൂന്ന് മക്കളില്‍ രണ്ടാമനാണ് ഷാനവാസ്.
പാവറട്ടി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുമ്പോള്‍ സംസ്ഥാന, ദേശീയതലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. സാധാരണ കുടുംബത്തില്‍ ജനിച്ച് കഠിന പരിശീലനത്തില്‍ വളര്‍ന്നുവന്ന ഇദ്ദേഹത്തിന് സ്പോര്‍ട്സ് മേഖലയിലെ മികവിലാണ് 23 വര്‍ഷം മുമ്പ് സേനയില്‍ ജോലി ലഭിച്ചത്. 23 വര്‍ഷമായി രാഷ്ട്രത്തിനായി സേവനം ചെയ്യുന്നു. 19 എന്‍ജിനീയര്‍ റെജിമെന്റില്‍ കാര്‍ഗിലിലാണ് നിലവില്‍ സേവനമനുഷ്ഠിക്കുന്നത്.