കെയിൻസ്, ക്യൂൻസ്ലാൻഡ് : ഇൻച്ചൂർ പുന്നവേലിൽ പരേതനായ ജോയ് കുര്യാക്കോസിന്റെയും സ്വപ്ന ജോയിയുടെയും മകൻ അഭിഷേക് ജോസ് സവിയോ (37) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഒരാഴ്ചത്തെ അവധിക്ക് ശേഷം ഓസ്ട്രേലിയയിലേക്ക് മടങ്ങുന്നതിനായി ഇന്നലെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അഭിഷേക് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.വിമാനത്താവളത്തിൽ അടിയന്തര ശുശ്രൂഷ നൽകിയ ശേഷം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലേക്ക്
കൊണ്ടുപോകുന്നതു വഴിയാണ് മരണം സംഭവിച്ചത്.
ക്യൂൻസ്ലാൻഡിൽ നഴ്സ് ആയ ജോസ്നയാണ് ഭാര്യ. മക്കൾ: ഹെയ്സൽ (4 വയസ്), ഹെയ്ഡൻ (1 വയസ്).
സംസ്കാരം ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് പടമുഖം തിരുഹൃദയ ക്നാനായ കത്തോലിക്ക ഫോറോന ദേവാലയത്തിൽ നടത്തും.
5 വർഷത്തിലധികമായി കെയിൻസിൽ നഴ്സായി ജോലി ചെയ്യുന്ന അഭിഷേക് ചുരുങ്ങിയ കാലം കൊണ്ടാണ് ഇവിടുത്തെ വിദേശമലയാളികൾക്ക് പ്രിയങ്കരനായി മാറിയത്.ക്യൂൻസ്ലാൻഡിലെ കെയിൻസ്
മലയാളി അസോസിയേഷൻ സെക്രട്ടറി ആയിരുന്നു. ആതുരസേവന രംഗത്ത് മാത്രമല്ല ജീവകാരുണ്യ,
കലാ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു.കെയിൻസിലേക്ക് എത്തുന്ന ഏതൊരു മലയാളിക്കും കൈത്താങ്ങായിരുന്ന അഭിഷേകിന്റെ അപ്രതീക്ഷിത വേർപാട് ക്യൂൻസ്ലാൻഡിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.