ഇന്ന് മാര്‍ച്ച് മൂന്ന്, ലോക കേള്‍വി ദിനമായി ആചരിക്കപ്പെടുകയാണ്. കേള്‍വിശക്തിയുമായി ബന്ധപ്പെട്ട പരിശോധനകള്‍ സമയബന്ധിതമായി നടത്തുന്നതിന്റെയും ഇത്തരം പ്രശ്നങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിഞ്ഞ് പരിഹാരം തേടുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക കേള്‍വിദിനം ആചരിക്കുന്നത്.
കേള്‍വിശക്തിയില്‍ പ്രശ്നമുണ്ടോയെന്നത് തിരിച്ചറിയാൻ സഹായിക്കുന്ന പരിശോധനകള്‍ കൂടുതലായി നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ ലോക കേള്‍വിദിനത്തില്‍ ലോകാരോഗ്യ സംഘടന ഓര്‍മ്മപ്പെടുത്തുന്നത്. ഒരുപക്ഷേ നേരത്തെ തന്നെ ഇത്തരം പ്രശ്നങ്ങള്‍ കണ്ടെത്താനായില്ലെങ്കില്‍ അത് പിന്നീട് കൂടുതല്‍ സങ്കീര്‍ണതകള്‍ തീര്‍ക്കുകയും പരിഹാരം തേടാൻ സാധിക്കാത്ത വിധത്തിലേക്ക് എത്തിച്ചേരുകയും ചെയ്യാം.
ഈ വിഷയത്തില്‍ ബോധവത്കരണം നടത്തുന്നതിനായി ഇക്കുറി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പോസ്റ്ററുകളിലൊന്നില്‍ മലയാളിയായ ഒരു പെൺകുട്ടിയും ഇടം നേടിയിട്ടുണ്ട്. കുട്ടിയായിരിക്കുമ്പോള്‍ സാരമായ കേള്വിപ്രശ്നമുണ്ടാവുകയും എന്നാല്‍ ചികിത്സയിലൂടെ 80 ശതമാനത്തിലധികം കേള്‍വിക്കുറവുണ്ടായിരുന്നത് പരിഹരിച്ച് മുന്നേറുകയും ചെയ്ത റിസ്വാനയാണ് മലയാളികള്‍ക്ക് അഭിമാനമായി ലോകാരോഗ്യ സംഘടനയുടെ പോസ്റ്ററില്‍ ഇടം പിടിച്ചിരിക്കുന്നത്.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയാണ് റിസ്വാന. കോക്ലിയര്‍ ഇംപ്ലാന്റിലൂടെ കേള്‍വിശക്തി തിരിച്ചുപിടിക്കുകയും സ്പീച്ച് തെറാപ്പിയിലൂടെ ഒഴുക്കോടെ സംസാരിക്കാൻ ശീലിക്കുകയും ചെയ്ത റിസ്വാന കേള്വിയുമായോ സംസാരവുമായോ ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമെല്ലാം പ്രത്യാശ പകരുന്ന സാന്നിധ്യമാണ്. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന പക്ഷം ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഫലപ്രദമായ ചികിത്സയിലൂടെ വലിയൊരു പരിധി വരെ ഇതെല്ലാം പരിഹരിക്കാമെന്നും ആത്മവിശ്വാസത്തോടെ റിസ്വാന പറയുന്നു. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിൽ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് റിസ്വാന. റിസ്വാനയുടെ സഹോദരനും സമാനമായ രീതിയിൽ കേള്‍വി പ്രശ്നമുണ്ടായിരുന്നു. എന്നാൽ ചികിത്സയിലൂടെ പരിഹരിക്കപ്പെട്ടു