തൃശൂർ:റിപ്പബ്ലിക് ദിന പരേഡിൽ യോഗ പ്രദർശനത്തിന് മലയാളി പെൺകുട്ടിയും. ജനുവരി 26-ന് ദില്ലിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ യോഗ പ്രദർശനം നടത്തുന്ന സംഘത്തിലെ ഏക മലയാളി സാന്നിധ്യമായി തൃശ്ശൂർ സ്വദേശി ആർദ്ര രാജീവ്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ബി എസ്സ് സി അഗ്രികൾച്ചർ വിദ്യാർത്ഥിയും നാഷണൽ യോഗ ചാമ്പ്യനുമായ ആർദ്ര രാജീവ് ഉൾപ്പെട്ട 12 പേരടങ്ങുന്ന സംഘമാണ് ജനുവരി 26 ന് ദില്ലിയിൽ റിപ്പബ്ലിക് ദിന പരേഡിൽ യോഗ അവതരിപ്പിക്കുക.
തൃശ്ശൂർ ചെമ്പൂക്കാവ് തിരുവാതിര വീട്ടിൽ രാജീവിന്റെയും അധ്യാപികയായ പ്രിയയുടെയും മകളാണ് ആർദ്ര. സ്കൂൾ പഠനകാലത്ത് സംസ്ഥാന, ദേശീയ യോഗ ചാമ്പ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ ആർദ്ര നേടിയിട്ടുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ദേശീയ തലത്തിൽ നിരവധി മെഡലുകൾ കരസ്ഥമാക്കിയതാണ് റിപ്പബ്ലിക് ദിന പരേഡിൽ യോഗ പ്രദർശിപ്പിക്കുവാൻ ക്ഷണം ലഭിച്ചത്. തൃശൂർ സ്വദേശിയായ മോഹനൻ മാസ്റ്ററാണ് ആർദ്ര രാജീവിന്റെ യോഗ ഗുരു. ആദർശ് രാജീവാണ് ആർദ്രയുടെ സഹോദരൻ.