പെർത്ത്: ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും കൊണ്ടുവരാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും നടക്കുമ്പോൾ ഡൗൺ സിൻഡ്രോം ബാധിതനായ കുഞ്ഞിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ഓസ്ട്രേലിയയിലെ ഒരു മലയാളി കുടുംബം. പെർത്തിൽ താമസിക്കുന്ന തൃശൂർ സ്വദേശിയായ അനീഷ് കൊല്ലിക്കരയും കൃഷ്ണയുമാണ് പത്തുവയസുകാരനായ മകന്റെ രോഗാവസ്ഥയുടെ പേരിൽ രാജ്യം വിടാനുള്ള ഭീഷണി നേരിടുന്നത്. കുടുംബത്തിന്റെ അനിശ്ചിതാവസ്ഥ എ.ബി.സി അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തയായി കഴിഞ്ഞു.
ഏഴു വർഷം മുൻപാണ് അനീഷും കൃഷ്ണയും ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്. ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. 10 വയസുകാരൻ ആര്യനും എട്ട് വയസുകാരി ആര്യശ്രീയും. ഡൗൺ സിൻഡ്രോം എന്ന രോഗാവസ്ഥയുമാണ് ആര്യൻ ജനിച്ചുവീഴുന്നത്. എങ്കിലും തന്റെ പരിമിതികളെ മറികടന്ന് മിടുക്കനായാണ് ആര്യൻ വളരുന്നത്. തന്റെ പ്രായത്തിലുള്ള എല്ലാ കുട്ടികളെയും പോലെ സൈക്കിൾ ഓടിക്കാനും കൂട്ടുകാർക്കൊപ്പം കളിക്കാനും സ്കൂളിൽ പോകാനുമൊക്കെ അവന് വലിയ ഇഷ്ടമാണ്.ആര്യന്റെ അമ്മ കൃഷ്ണ പെർത്തിലെ ഒരു ഖനന കമ്പനിയിൽ സൈബർ സുരക്ഷാ വിദഗ്ദ്ധയും പിതാവ് അനീഷ് ടെലികമ്മ്യൂണിക്കേഷൻ മേഖലയിലുമാണ് ജോലി ചെയ്യുന്നത്. പെർത്തിലെ വീട്ടിൽ സന്തോഷകരമായ ജീവിതം നയിക്കുമ്പോഴാണ് കുടുംബത്തിനു മേലുള്ള സർക്കാർ വകുപ്പിന്റെ പ്രഹരം. ആര്യന്റെ രോഗാവസ്ഥയുടെ പേരിൽ കുടുംബത്തിന് ഓസ്ട്രേലിയയിലെ സ്ഥിര താമസാവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
ദൈവത്തിന്റെ സവിശേഷമായ കൈയ്യൊപ്പു പതിഞ്ഞ ഭിന്നശേഷിയുള്ള മക്കളെ അങ്ങേയറ്റം കരുതലോടെ ചേർത്തുപിടിക്കാൻ ആധുനിക സമൂഹത്തിൽ കൂട്ടായ ശ്രമങ്ങളുണ്ടാകുമ്പോഴാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ ഈ അവഗണന. ആര്യന്റെ പ്രശ്നം രാജ്യത്തെ ആരോഗ്യ സംവിധാനത്തിൽ വലിയ ചെലവിനു കാരണമാകുമെന്ന വിചിത്രമായ വാദം ഉയർത്തിയാണ് ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് കുടുംബത്തിന് പെർമനന്റ് റസിഡൻസി നിഷേധിച്ചത്. ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ഗിൽസിന്റെ നിർണായക ഇടപെൽ ഉണ്ടായില്ലെങ്കിൽ മാർച്ച് 15 നകം കുടുംബത്തിന് ഓസ്ട്രേലിയ വിടേണ്ടി വരുമെന്നാണു എ.ബി.സി അടക്കമുള്ള മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പെർത്തിലെ വീടുമായും സാഹചര്യങ്ങളുമായി ഇണങ്ങിച്ചേർന്ന ആര്യനെ ഇന്ത്യയിലേക്കു പറിച്ചുനടുന്നത് മകന്റെ മാനസികാവസ്ഥയെ ബാധിക്കുമെന്നാണ് മാതാപിതാക്കളുടെ ആശങ്ക. പെർത്തിലെ വീടു വിട്ടുപോകാൻ മക്കൾ തയ്യാറായില്ലെന്നും സർക്കാരിന്റെ തീരുമാനം കുട്ടികളെ വൈകാരികമായി ബാധിച്ചെന്നും കൃഷ്ണയെ ഉദ്ധരിച്ച് എബിസി റേഡിയോ റിപ്പോർട്ട് ചെയ്തു.’ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നാൽ, കുഞ്ഞിനത് ഒരു പുതിയ അന്തരീക്ഷമായിരിക്കും. ഇണങ്ങിച്ചേരാൻ ബുദ്ധിമുട്ടാകും. കുഞ്ഞിന് ഡൗൺ സിൻഡ്രോം ഉണ്ടെങ്കിലും ശാരീരികമായി ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. സാധാരണ കുട്ടികളെ പോലെ കളിക്കാനും ഇടപഴകാനും സാധിക്കുന്നുണ്ട്. പഠിക്കുന്നതിൽ ചെറിയ കാലതാമസം മാത്രമാണുള്ളത്. സ്വന്തം കാര്യങ്ങളെല്ലാം ആര്യൻ സ്വയമാണു ചെയ്യുന്നത് – കൃഷ്ണ കൂട്ടിച്ചേർത്തു.
ആര്യനെ ചികിത്സിക്കാൻ ഇതുവരെ യാതൊരു സേവനവും സ്വീകരിച്ചിട്ടില്ലെങ്കിലും, 10 വർഷ കാലയളവിൽ 664,000 ഡോളറാണ് ആര്യനു വേണ്ടിയുള്ള മെഡിക്കൽ, പഠന ചെലവായി സർക്കാർ കണക്കാക്കുന്നതെന്ന് കൃഷ്ണ പറഞ്ഞു. തങ്ങൾക്ക് സ്ഥിരതാമസാവകാശം നൽകിയാൽ അത് സമൂഹത്തിനും ഓസ്ട്രേലിയയിലെ നികുതിദായകർക്കും സാമ്പത്തിക ബാധ്യതയാണെന്നാണ് ഇമിഗ്രേഷൻ വകുപ്പിന്റെ വാദം.സ്റ്റുഡന്റ് വിസയിലാണ് കുടുംബം ഓസ്ട്രേലിയയിലെത്തിയത്. തുടർന്ന് പെർമനന്റ് റസിഡൻസി അപേക്ഷ നിരസിച്ചതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ഗിൽസിനോട് വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് കഴിഞ്ഞ ദിവസം ദമ്പതികൾ കത്ത് നൽകിയിരുന്നു. പീപ്പിൾ വിത്ത് ഡിസെബിലിറ്റി ഓസ്ട്രേലിയ ട്രഷറർ സുരേഷ് രാജനാണ് കുടുംബത്തെ പ്രതിനിധീകരിച്ച് കത്ത് നൽകിയത്.
ആര്യന്റെ വിഷയത്തിൽ കുടുംബത്തിന് പിന്തുണയുമായി മലയാളികൾ അടക്കം നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. ഇരുവരും ജോലി ചെയ്യുന്ന സ്ഥാപനവും എല്ലാ സഹായവും നൽകുന്നുണ്ട്.മക്കൾക്ക് ഓസ്ട്രേലിയയിൽ മികച്ച ജീവിതം സാധ്യമാക്കാൻ കുടുംബം change.org എന്ന വെബ്സൈറ്റിലൂടെ ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്. മകനു വേണ്ടിയുള്ള മാതാപിതാക്കളുടെ പോരാട്ടത്തിൽ നിങ്ങൾക്കും പങ്കുചേരാം. ചുവടെയുള്ള വെബ്സൈറ്റ് ലിങ്ക് സന്ദർശിച്ച് ഇമിഗ്രേഷൻ മന്ത്രിക്കു നൽകാനുള്ള നിവേദനത്തിൽ ഒപ്പിടാം.
https://www.change.org/p/hon-andrew-giles- please-allow-us-to-stay-in-australia-our-son- is-not-a-burden?
utm_content=cl_sharecopy_35567511_en-
AU%3A0&recruiter=1256149111&recruited_by_i 9b50-11ec-a0a5-
f36c435c0023&utm_source=share_petition&utm
35567511-en-AU