ഡോംബിവ്ലി: മുംബയില്‍ മലയാളി സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ഡോംബിവ്ലി ഈസ്റ്റ് ആനന്ദം റീജൻസിയിലെ താമസക്കാരായ ഹരിപ്പാട് സ്വദേശികള്‍ രവീന്ദ്രന്റെയും ദീപ രവീന്ദ്രന്റെയും മക്കള്‍ ഡോ.രഞ്ജിത്ത് രവീന്ദ്രൻ (21), കീര്‍ത്തി രവീന്ദ്രൻ (17) എന്നിവരാണ് മരിച്ചത്.
ഡോംബിവ്ലി ഈസ്റ്റില്‍ ദാവ്ഡിയിലെ കുളത്തില്‍ ഇവരുടെ നായയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ദുരന്തം.
കുളിപ്പിക്കുന്നതിനിടെ ഇവരുടെ നായ കുളത്തില്‍ ആഴമേറിയ ഭാഗത്തേക്ക് നീന്തിപ്പോയി. പിടിക്കാൻ ശ്രമിക്കുന്നതിനിടെ രഞ്ജിത്ത് മുങ്ങിത്താണു. രക്ഷിക്കാൻ ശ്രമിക്കുകയായിരുന്ന കീര്‍ത്തിയും മുങ്ങിപ്പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മാതാപിതാക്കള്‍ ചികിത്സാര്‍ത്ഥം നാട്ടിലേക്ക് പോയ സമയത്താണ് അപകടമുണ്ടായത്. മാൻപാഡ പൊലീസും അഗ്നിരക്ഷാ സേനയും ഏറെനേരം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. നവിമുംബയ് സീവുഡ് ആശുപത്രിയിലെ ഹൗസ് സര്‍ജനാണ് രഞ്ജിത്ത്. എച്ച്.എസ്.സി പഠനം പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു കീര്‍ത്തി.