പെർത്ത്: മലയാളി അസോസിയേഷനുകളിൽ രാഷ്ട്രീയ അതിപ്രസരം. പെർത്തിലെ പ്രമുഖ മലയാളി സംഘടനയായ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് (PUMA ) സാമ്പത്തിക സഹായം പ്രഖ്യാപിച്ച് Oakford ലെ ലേബർ കാൻഡിഡേറ്റ് Yaz Mubarakai MLA. സ്റ്റേറ്റ് ഇലക്ഷൻ നടന്നുകൊണ്ടിരിക്കുന്ന പെർത്തിൽ വിജയിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് മലയാളി അസോസിയേഷനുകൾ ഉൾപ്പെടെയുള്ള സംഘടനകൾക്ക് സാമ്പത്തിക സഹായം എന്ന പേരിൽ രാഷ്ട്രീയപാർട്ടികൾ വൻതുകകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തിൽ തങ്ങൾ ജയിച്ചു കഴിഞ്ഞാൽ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ Inc – PUMA-യെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കി കൊണ്ടാണ് Tech upgrade and Led wall എന്നിവയ്ക്കായി $25000 ലേബർ കാൻഡിഡേറ്റ് Yaz Mubarakai MLA പ്രഖ്യാപിച്ചത്.
വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർത്തിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മലയാളി സമൂഹം 2013-ൽ രൂപീകരിച്ച സാംസ്കാരിക സംഘടനയാണ് PUMA.സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ പരിപാടികളും പ്രവർത്തനങ്ങളും നടത്തുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ രൂപീകൃതമായ ലാഭേച്ഛയില്ലാത്ത, രാഷ്ട്രീയേതര- മതേതര സംഘടനയാണിത് . ഇത്തരത്തിൽ സാമൂഹിക സേവനം നടത്തുന്ന സംഘടനയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത് ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ടാണെന്നാണ് ഒരു വിഭാഗം ആളുകൾ വാദിക്കുന്നത്.
പെർത്തിലെ എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കിടയിലും ഒരു റോൾ മോഡലിംഗ് പ്രകടനം രേഖപ്പെടുത്താൻ സാധിച്ച പ്യൂമയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരിൽ സാമ്പത്തിക സഹായം നൽകുന്നത് വോട്ടർമാരെ ആകർഷിക്കാൻ വേണ്ടിയല്ലേ എന്ന് ചോദ്യവും ഉയരുന്നുണ്ട്. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്ത ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന സംഘടനയിൽ രാഷ്ട്രീയം കലർത്തരുതെന്നും, സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത്തരം സാമ്പത്തിക സഹായങ്ങൾ ഒരിക്കലും ഭൂഷണമല്ലെന്നും നിരവധിയാളുകൾ അഭിപ്രായപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞത് .
സംഘടനകളെ ഉപയോഗിച്ച് രാഷ്ട്രീയ ലാഭം കൊയ്യുന്നതിനെതിരെ നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. ഇത്തരം പ്രവർത്തികൾ സംഘടനയെ വളർത്തുന്നതിന് പകരം പിളർത്താനെ ഉപകരിക്കുവെന്നാണ് ഇവർ വ്യക്തമാക്കുന്നത്. സംഘടനകൾക്കുമേൽ നടത്തുന്ന ഇത്തരം രാഷ്ട്രീയപ്രേരിത സാമ്പത്തിക സഹായങ്ങൾക്കെതിരെ പരാതിയുമായി ഒരു വിഭാഗം ആളുകൾ ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിലേക്ക് പോയിട്ടുണ്ടെന്നാണ് അറിയുവാൻ സാധിക്കുന്നത്.
സംഘടനകൾക്കുള്ളിൽ നിന്നു തന്നെ രാഷ്ട്രീയ സഹായം സ്വീകരിക്കുന്നതിനെതിരെ ശബ്ദം ഉയരുന്നുണ്ട്. സംഘടനകളുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിച്ച് രാഷ്ട്രീയ ലാഭത്തിനായി മറ്റൊരു പാത സ്വീകരിക്കുന്നത് വാക്ക് തർക്കങ്ങൾക്കും അതുവഴി പിളർപ്പിലേക്കും നയിക്കുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.