മുംബൈ: നടിയും മോഡലുമായ മലൈക അറോറയുടെ പിതാവ് അനിൽ അറോറയുടെ ആത്മഹത്യ കഴിഞ്ഞ ദിവസം ബോളിവുഡിനെ ഞെട്ടിച്ചിരുന്നു. അനിൽ അറോറയുടെ ആത്മഹത്യയാണ് എന്ന് ഇന്നലെ തന്നെ മുംബൈ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച് മരണത്തിന് ഏതാനും നിമിഷം മുന്‍പ് മക്കളായ മലെയ്ക്കയെയും, അമൃതയെയും അനിൽ അറോറ ഫോണ്‍ ചെയ്തിരുന്നുവെന്നാണ് വിവരം.
ഇന്ത്യടുഡേ റിപ്പോര്‍ട്ട് പ്രകാരം അറോറ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. “എനിക്ക് അസുഖവും ക്ഷീണവുമാണ്” എന്ന് അനിൽ മലൈകയോടും അമൃതയോടും ഫോണ്‍ വിളിച്ചു പറഞ്ഞു എന്നാണ് പറയുന്നത്. ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് അനില്‍ രണ്ട് പെൺമക്കളെയും ബന്ധപ്പെട്ടിരുന്നുവെന്നും പൂനെയിലെ ഒരു പരിപാടിക്ക് പോകുകയായിരുന്ന മലൈകയ്ക്ക് കോൾ എടുത്തുവെന്നുമാണ് ഇന്ത്യ ടുഡേ പറയുന്നത്.
ബുധനാഴ്ച മലൈക അറോറ കുടുംബത്തിന് വേണ്ടി ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. “ഞങ്ങളുടെ പ്രിയ പിതാവ് അനിലിന്റെ വേർപാട് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹം സൗമ്യനായ ആത്മാവും അർപ്പണബോധമുള്ള മുത്തച്ഛനും സ്നേഹനിധിയായ ഭർത്താവും ഞങ്ങളുടെ ഉറ്റസുഹൃത്തുമായിരുന്ന,” എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മലൈക അറിയിച്ചത്.