കൊച്ചി: മലബാർ സിമൻറ്സ് ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യ തന്നെയെന്ന് ആവർത്തിച്ച് സി ബി ഐ. തുടരന്വേഷണ റിപ്പോർട്ട് എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചു. മുൻകുറ്റപത്രത്തിൽ കാര്യമായ വ്യത്യാസങ്ങളില്ലാതെയാണ് പുതിയ അന്വേഷണ റിപ്പോർട്ടും നൽകിയിരിക്കുന്നത്. മലബാർ സിമൻറ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായിവി. എം രാധാകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ മരിച്ച ശശീന്ദ്രൻ വിജിലൻസിൽ മൊഴി നൽകിയിരുന്നു. തുടർന്നുണ്ടായ സമ്മർദ്ദവും മാനസിക സമ്മർദ്ദങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. കേരളത്തിന് പുറത്തുനിന്നുള്ള സിബിഐ സംഘമാണ് തുടരന്വേഷണ റിപ്പോർട്ട് നൽകിയത്.
ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി സിബിഐക്കു വിട്ടു. ശശീന്ദ്രന്റെയും മക്കളുടേയും ആത്മഹത്യയെന്നായിരുന്നു സിബിഐയുടെ നേരത്തേയുളള കണ്ടെത്തൽ. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ശശീന്ദ്രന്റെ സഹോദരൻ കോടതിയെ സമീപിച്ചിരുന്നു.
സിബിഐ അന്വേഷിച്ച കേസിൽ മലബാർ സിമന്റ്സിലെ കരാറുകാരനായ വി.എം.രാധാകൃഷ്ണനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട കേസുകളിൽ രാധാകൃഷ്ണനെതിരെ ശശീന്ദ്രൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കോടതിയിൽ മൊഴി നൽകും മുൻപ് കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി ശശീന്ദ്രനെ തളർത്താൻ അഴിമതിയുമായി ബന്ധപ്പെട്ട സംഘം നടത്തിയ നീക്കങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. എന്നാൽ സിബിഐയുടെ ഈ കണ്ടെത്തലടങ്ങിയ കുറ്റപത്രം കോടതി മടക്കി. അതിന് ശേഷം മാറ്റം വരുത്തിയ കുറ്റപത്രം കോടതി സ്വീകരിച്ചു. 2015 ജനുവരിയിലാണ് ദുരൂഹ മരണം സംബന്ധിച്ചു പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്റെ സഹോദരൻ കോടതിയെ സമീപിച്ചത്.