മിമിക്രി വേദികളിലൂടെ മലയാളികൾക്കിടയിൽ ഇഷ്ടം നേടിയെടുത്ത താരമാണ് മഹേഷ് കുഞ്ഞുമോൻ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഓരോ വ്യക്തികളെയും അനുകരിച്ചാണ് മഹേഷ് ശ്രദ്ധനേടുന്നത്. വളരെ പെർഫക്ട് ആയിട്ടുള്ള മഹേഷിന്റെ അനുകരണം എപ്പോഴും കയ്യടി നേടാറുമുണ്ട്. അടുത്തിടെ വലിയൊരു അപകടം മഹേഷിന് നേരിടേണ്ടി വന്നിരുന്നു. നടനും ഹാസ്യതാരവുമായിരുന്ന കൊല്ലം സുധിയുടെ വിയോഗത്തിന് കാരണമായ കാറപകടത്തിൽ ആണ് മഹേഷിനും പരിക്കേറ്റത്. ശസ്ത്രക്രിയകൾക്ക് ശേഷം വീട്ടിൽ എത്തിയ മഹേഷ് പതിയെ തന്റെ ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കയാണ്.
ഇപ്പോഴിതാ മഹേഷിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ബിനു അടിമാലി. സുധിയുടെ ജീവനെടുത്ത അപകടത്തിൽ ബിനു അടിമാലിയും ഉണ്ടായിരുന്നു. അടുത്തിടെ ആണ് ബിനു ആശുപത്രി വിട്ടത്. മഹേഷിനെ കാണാനായി വീട്ടിൽ എത്തിയതായിരുന്നു ബിനുവും കൂട്ടരും.
വേദനകള്‍ക്കിടയിലും പുഞ്ചിരിച്ച് നിൽക്കുന്ന മഹേഷിന്റെ ഫോട്ടോയാണ് ബിനു പങ്കുവച്ചിരിക്കുന്നത്. ‘മോനെ നീ എത്രയും പെട്ടന്ന് സുഖം ആയിട്ട് വരട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാത്ഥന കൂടെ ഉണ്ടാകും’, എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം ബിനു അടിമാലി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ബിനുവും മഹേഷും ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരാൻ ആശംസകളുമായി രംഗത്തെത്തിയത്.