കാസർകോട്: മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ കെ വിദ്യ, യുവ എഴുത്തുകാരി എന്ന നിലയിൽ സാംസ്കാരിക രംഗത്ത് പേരെടുത്ത വ്യക്തി. യുവ കഥാകാരിയായ വിദ്യ, തന്റെ ചെറുകഥകളുടെ സമാഹാരം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന് പുറമെ വിദ്യയുടെ കവിതകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2021 ൽ കൊവിഡ് കാലത്ത് പ്രമുഖ ഇടത് സഹയാത്രികനും കാലടി സർവകലാശാലയിലെ അധ്യാപകനുമായ സുനിൽ പി ഇളയിടമാണ് വിദ്യയുടെ പുസ്തകം പ്രകാശനം ചെയ്തത്. 2021 മെയ് അഞ്ചിനായിരുന്നു വിരലിലെണ്ണാവുന്നവർ മാത്രം പങ്കെടുത്ത പുസ്തക പ്രകാശനം നടന്നത്.
കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ കെ പയ്യന്നൂർ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീട് ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ഇവർ മഹാരാജാസ് കോളേജിൽ എത്തിയത്. സജീവ എസ്എഫ്ഐ പ്രവർത്തകയായ വിദ്യ പയ്യന്നൂർ കോളേജിലും മഹാരാജാസ് കോളേജിലും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നു. മഹാരാജാസ് കോളേജിലെ പഠന കാലത്താണ് വിദ്യ, പിഎം ആർഷോയെ പരിചയപ്പെട്ടത്. ഇവർ അടുത്ത സുഹൃത്തുക്കളുമാണ്.