കൊച്ചി: ഗസ്റ്റ് ലക്ചറർ നിയമനത്തിന് മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസിൽ കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു. കോളേജിന്റെ ഭാഗത്ത് നിന്ന് വിദ്യക്ക് ഒരു സഹായവും നൽകിയിട്ടില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. അതേസമയം, കേസ് അഗളി പൊലീസിന് കൈമാറും. സംഭവ സ്ഥലം അഗളിയായതിനാൽ രേഖ പരിശോധിച്ച് തുടർ നടപടി എടുക്കാനാവുക അഗളി പൊലീസിനാണെന്ന് കൊച്ചി പൊലീസ് പറഞ്ഞു. കാസർകോടും,പാലക്കാടും വ്യാജ രേഖ ഉപയോഗിച്ച് ഗസ്റ്റ് ലക്ചറായി നിയമനത്തിന് ശ്രമിച്ചെന്ന ആരോപണത്തിലും പരാതി നൽകണോ എന്ന കാര്യത്തിൽ മഹാരാജാസ് കോളേജ് ഇന്ന് തീരുമാനമെടുക്കും.
മഹാരാജാസ് കോളേജിൽ 2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയ ഈ സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താത്കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചു. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് ഇനി അട്ടപ്പാടി പൊലീസിന് കൈമാറും.നേരത്തേയും വിദ്യ വ്യാജ രേഖ ഉപയോഗിച്ച് ജോലി നേടിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ ജോലി നേടിയത് മഹാരാജാസ് കോളേജിൽ അധ്യാപികയായിരുന്നുവെന്ന വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു എന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വിവരം. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് വിദ്യ ഇവിടെ ജോലി ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.