സിഡ്നി: ഓസ്ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ആയിരക്കണക്കിന് ആളുകൾക്കാണ് പ്രകമ്പനം അനുഭവപ്പെട്ടത്. തിങ്കളാഴ്ച്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിൽ ഭൂചലനമുണ്ടായത്. സർക്കാർ ആണവ നിലയം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപമാണ് ഭൂചലനമുണ്ടായത്.
സിഡ്നിയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയുള്ള മസ്വെൽബ്രൂക്കിന് സമീപം ഖനന മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കോഫ്സ്സ് ഹാർബർ, സിഡ്നി, കാൻബറ തുടങ്ങി ദൂരെയുള്ള സ്ഥലങ്ങളിൽ പോലും പ്രകമ്പനം അനുഭവപ്പെട്ടു. വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി നഷ്ടപ്പെടുകയും ചെയ്തു . അടിയന്തര സേവനങ്ങൾ തടസപ്പെട്ടത് ഒഴിച്ചാൽ ആൾനാശം റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസമായി. അതേസമയം, ഭൂചലനമുണ്ടായ ഖനന മേഖലയിൽ ചില ഖനിത്തൊഴിലാളികൾക്ക് നിസാര പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, വീടുകളും കെട്ടിടങ്ങളും ശക്തമായി കുലുങ്ങിയതോടെ ആളുകൾ ഇറങ്ങിയോടി. സ്കൂളുകൾ ഒഴിപ്പിച്ചു. മാസ്യൽ ബ്രൂക്ക് പ്രദേശത്താണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. പല വീടുകളുടെയും ജനാലകൾ തകർന്നു. കടകളിലെ സാധനങ്ങൾ നിലത്തുവീണു. സ്കൂളുകളിലെ ക്ലാസ് മുറികളിൽ നിന്ന് കുട്ടികൾ ഭയന്ന് പുറത്തേക്കോടി.
ആണവനിലയത്തിനായി പദ്ധതിയിട്ടിരിക്കുന്ന ലിഡൽ പവർ സ്റ്റേഷന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആണവ സാധ്യത പഠനത്തിൽ ഭൂകമ്പ സാധ്യത കണ്ടെത്തിയാൽ ഹണ്ടർ വാലിയിലെ ആണവോർജ്ജ പദ്ധതികൾ ഉപേക്ഷിക്കണമെന്ന് എബിസിയോട് സംസാരിച്ച ഷാഡോ എനർജി മന്ത്രി ടെഡ് ഒബ്രിയൻ പറഞ്ഞു.