വാഷിംഗ്ടണ്‍ : പോപ് രാജ്ഞി മഡോണയ്ക്ക് ( 64 ) ഗുരുതരമായ ബാക്ടീരിയ അണുബാധ. ശനിയാഴ്ചയാണ് മഡോണയെ ഗുരുതരാവസ്ഥയില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ മഡോണയെ ഇന്നലെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റി. മഡോണ ആരോഗ്യം വീണ്ടെടുക്കുകയാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സംഗീത പരിപാടികള്‍ നീട്ടിവച്ചതായും അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മഡോണ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും രോഗത്തില്‍ നിന്ന് പൂര്‍ണ മുക്തി നേടിയിട്ടില്ല. മഡോണ സംഗീത ലോകത്ത് 40 വര്‍ഷങ്ങള്‍ തികയ്ക്കുന്നതിനോടനുബന്ധിച്ചുള്ള ‘ദ സെലിബ്രേഷൻ ടൂര്‍’ ലോക പര്യടനം ജൂലായ് 15ന് കാനഡയിലെ വാൻകൂവറില്‍ ആരംഭിച്ച് ജനുവരി 30ന് മെക്സിക്കോ സിറ്റിയില്‍ അവസാനിപ്പിക്കേണ്ടതായിരുന്നു. പര്യടനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി തയ്യാറെടുക്കവെയാണ് മഡോണ അപ്രതീക്ഷിതമായി രോഗബാധിതയായത്.