ദില്ലി : ബെംഗളുരു സ്ഫോടനക്കേസിൽ ജാമ്യത്തിൽ ഇളവ് തേടിയുള്ള പിഡിപി ചെയർമാൻ മഅദനിയുടെ ഹർജിയിൽ വാദം കേൾക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. എട്ട് വർഷമായി താൻ ജാമ്യത്തിലാണ്. കേരളത്തിലേക്ക് പോകാൻ പാടില്ലെന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്നും പിതാവിനെ കാണാൻ പോകണമെന്നും ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടണമെന്നുമാണ് മഅദനിയുടെ ആവശ്യം.
ബെംഗുളുരു സ്ഫോടന കേസിൽ രണ്ട് മാസത്തിനകം വിചാരണ പൂർത്തിയാക്കുമെന്ന് കർണാടക സർക്കാർ കോടതിയെ അറിയിച്ചു. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് മഅദനിക്കെതിരെ ഉള്ളതെന്നും കേരളത്തിൽ പോകാൻ അനുവാദം നൽകരുതെന്നും സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. നാട്ടിൽ പോയി തിരിച്ചു വരാൻ ആണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് ബേലാ എം ത്രിവേദി കേസ് പരിഗണിക്കവെ മഅദനിയോട് ചോദിച്ചു. ആരോഗ്യപരമായ പ്രശ്നമുണ്ടെന്നും ചികിത്സ തേടണമെന്നും പിതാവടക്കം സുഖമില്ലാതിരിക്കുകയാണെന്നും മദനിക്കായി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു.
എന്നാൽ ആശങ്കയുണ്ടെങ്കിൽ ഒരു മാസത്തേക്ക് കേരളത്തിലേക്ക് അയച്ച ശേഷം എന്താണ് നടക്കുന്നതെന്ന് സർക്കാരിന് നീരീക്ഷിക്കാമെന്ന് കപിൽ സിബൽ കോടതിയിൽ പറഞ്ഞു. ജന്മനാട്ടിലേക്ക് പോകാനുള്ള അനുവാദം മാത്രമാണ് ചോദിക്കുനതെന്നും കപിൽ സിബൽ വാദിച്ചു. കോടതി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ജാമ്യം നൽകരുതെന്നാണ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കർണാടക സർക്കാർ പറഞ്ഞിരിക്കുന്നത്.
ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകുന്നത് മഅദനിക്ക് സംസ്ഥാനം വിടാൻ സഹായകരമാകും. സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യത. കേരളത്തിൽ ആയുർവേദ ചികിത്സ എന്ന ഡോക്ടറുടെ ഉപദേശം പ്രതിയുടെ പ്രേരണയിൽ എന്നും കർണാടക സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.