മധുരൈ: തമിഴ്നാട് മധുരൈയില്‍ പ്രണയബന്ധം എതിര്‍ത്തതിന് മുത്തശിയെയും സഹോദരഭാര്യയെും കൊന്ന് 19കാരന്. ഫാര്‍മസി വിദ്യാര്‍ത്ഥിയായ ഗുണശീലനും സുഹൃത്തും ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്.ഒന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ഥിയായ ഗുണശീലന് അമ്മയുടെ സഹോദരന് മണികണ്ഠന്, മുത്തശി മഹിഷമ്മാള്‍, മണികണ്ഠന്റെ ഭാര്യ അഴകപ്രിയ, എന്നിവര്‍ക്കൊപ്പമാണ് മധുരൈ എല്ലിസ് നഗറില്‍ താമസിച്ചിരുന്നത്. സഹപാഠിയുമായി ഗുണശീലന് പ്രണയത്തിലായെന്ന വിവരം അറിഞ്ഞ മഹിഷമ്മാളും അഴകപ്രിയയും പിന്തിരിപ്പിക്കാന് പല വട്ടം ശ്രമിച്ചു. ചൊവ്വാഴ്ച ഇതേ ചൊല്ലിയുള്ള തര്‍ക്കം മുറുകി കൊലപാതകത്തിലെത്തിയെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്ത് റിഷി കുമാറിന്റെ സഹായത്തോടെ മൃതദേഹം നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഒളിപ്പിച്ചു. മഹിഷമ്മാളും അഴകപ്രിയയും ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് പുറത്തുപോയി എന്ന് മണികണ്ഠനോട് കള്ളവും പറഞ്ഞു.
കെട്ടിടത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ചോദ്യം ചെയ്യലില്‍ ഗുണശീലനും റിഷി കുമാറിനും പിടിച്ചുനില്‍ക്കാനായില്ല. കുറ്റസമ്മതമൊഴിക്ക് പിന്നാലെ പൊലീസ് ഇരുവരുടെയും അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.