ഫ്രഞ്ച് കോസ്മെറ്റിക് ഭീമനായ ലോറിയൽ ഓസ്ട്രേലിയൻ ബ്രാൻഡായ ഈസോപ്പ് ഏറ്റെടുക്കാൻ തയ്യാറെടുക്കുന്നു. 2.5 ബില്യൺ ഡോളറിന്റെ ഇടപാടിലൂടെയാണ് മെൽബണിൽ സ്ഥാപിതമായ ആഡംബര സൗന്ദര്യവർദ്ധക ബ്രാൻഡായ ഈസോപ്പ് ഏറ്റെടുക്കാൻ ലോറിയൽ ഒരുങ്ങുന്നത്. ലോറിയലിന്റെ ഏറ്റവും വലിയ ഏറ്റെടുക്കൽ ആയിരിക്കും ഇത്. 36 വർഷം മുമ്പ് സ്ഥാപിതമായ ഈസോപ്പ് ബ്രാൻഡിന് നിലവിൽ ആഗോളതലത്തിൽ ഏകദേശം 400 സ്റ്റോറുകളുണ്ട്. സോപ്പുകൾ, ലോഷനുകൾ, ക്രീമുകൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് വൻ ഡിമാൻഡാണ്.
ലോറിയലിനെ കൂടാതെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ പെർമിറയും ചൈനീസ് നിക്ഷേപ സ്ഥാപനമായ പ്രൈമവേര കാപ്പിറ്റലും ഈസോപ്പ് ഏറ്റെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഒടുവിൽ കരാർ ലോറിയലിനു തന്നെ ലഭിക്കുകയായിരുന്നു. ഈ വർഷം മൂന്നാം പാദം എത്തുമ്പോഴേക്ക് കരാർ അന്തിമമാകുമെന്നാണ് റിപ്പോർട്ട്.