ദില്ലി: പ്രതിപക്ഷ ബഹളത്തിനിടെ ഡിജിറ്റല്‍ വ്യക്തി വിവര സംരക്ഷണ ബില്ലും ഫാർമസി ബില്ലും ലോക്സഭ പാസാക്കി. പ്രതിപക്ഷം ഉന്നയിച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളിക്കൊണ്ടാണ് ഡിജിറ്റൽ വ്യക്തി വിവര സംരക്ഷണ ബില്ല് പാസാക്കിയത്. വിവിധ സേവനങ്ങള്‍, സബ്സിഡി, ലൈസൻസ് തുടങ്ങിയവക്കായി നല്കുന്ന വ്യക്തിവിവരങ്ങള്‍ മറ്റ് പദ്ധതികള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കാൻ സർക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. വ്യക്തിവിവരങ്ങളില്‍ സർക്കാർ കൈകടത്തുന്നു എന്നടക്കം പ്രതിപക്ഷം വിമർശിച്ചു.
രാജ്യസഭയില്‍ ദില്ലി ഭരണ നിയന്ത്രണ ബില്ലിന് മേൽ ചർച്ച നടക്കുകയാണ്. ബില്‍ ഫെഡറല്‍ തത്വങ്ങള്‍ക്കും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും വിരുദ്ധമാണെന്ന വിമർശനത്തിനിടെയാണ് ചർച്ച നടക്കുന്നത്. ഇതിനിടെ രാജ്യസഭയിൽ ആദ്യമായി സംസാരിക്കാൻ എഴുന്നേറ്റ മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജൻ ഗൊഗോയിക്കെതിരെ രൂക്ഷമായ വിമർശനം പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. പിന്നാലെ ജയ ബച്ചനടക്കം പ്രതിപക്ഷത്തെ നാല് വനിതാ എംപിമാർ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പ്രിയങ്ക ചതുർവേദി, ജയബച്ചൻ, വന്ദന ചവാൻ, സുഷ്മിത ദേവ് എന്നിവരാണ് ഇറങ്ങിപ്പോയത്.