ആലപ്പുഴ : ഫേസ് ബുക്ക് വഴി 25,00000 രൂപ വാഗ്ദാനം ചെയ്ത് നീലംപേരൂർ സ്വദേശിയിൽ നിന്നും 1,35,000 രൂപ വിശ്വാസ വഞ്ചനയിലൂടെ കൈക്കലാക്കിയ കേസിൽ ഒരാൾ പിടിയിൽ. തൃശൂർ അരനാട്ടുകര പാരികുന്നത്തു വീട്ടിൽ അബ്ദുൾ മുത്തലീഫ് മകൻ ഷബീർ അലിയെ (41) ആണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സോഷ്യൽ മീഡിയയിൽ പരസ്യം കണ്ടു ഫോണിൽ ബന്ധപ്പെട്ട നീലംപേരൂർ സ്വദേശികളെ എറണാകുളത്തുള്ള ഹോട്ടലിലേക്ക് വിളിച്ചു വരുത്തി കൂടിക്കാഴ്ച്ച നടത്തുകയും ആദ്യ പലിശ ആയി 135000 രൂപ അടച്ചാൽ മാത്രമേ ലോൺ കിട്ടുകയുള്ളു എന്ന് പറയുകയും, തുടർന്ന് പരാതിക്കാരൻ നീലംപേരൂർ എസ്ബിഐ ശാഖ വഴി പ്രതിയുടെ അക്കൗണ്ടിലേയ്ക്ക് തുക അയച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് പ്രതിയെ ഫോണിൽ ബന്ധപെടുവാൻ ശ്രമിച്ചപ്പോൾ ആണ് തട്ടിപ്പിന് ഇരയായി എന്ന് മനസിലായത്. തുടർന്ന് കൈനടി പൊലീസിൽ പരാതി നൽകുകയും പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.