കാട്ടിലെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന സിംഹത്തിനായി ലോകം ഓഗസ്റ്റ് മാസത്തിലെ 10 ന് ലോക സിംഹ ദിനമായി ആചരിക്കുകയാണ്.
സിംഹങ്ങളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ അവയുടെ സംരക്ഷണം സംബന്ധിച്ച അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഇങ്ങനെ ഒരു ദിവസം ആഘോഷിക്കുന്നത്. നിലവില്‍, ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (IUCN) റെഡ് ലിസ്റ്റ് പ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവിയായി സിംഹത്തിനെയും പട്ടികപ്പെടുത്തിയിട്ടുണ്ട്. ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നീ മേഖലകളില്‍ സിംഹങ്ങള്‍ സ്വതന്ത്രമായി വിഹരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ 100 വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ അവയുടെ എണ്ണത്തില്‍ 80 ശതമാനം കുറവുണ്ടായിട്ടുണ്ട്. സിംഹങ്ങള്‍ നിലവില്‍ 25ലധികം ആഫ്രിക്കന്‍ രാജ്യങ്ങളിലും ഒരു ഏഷ്യന്‍ രാജ്യത്തിലുമാണുള്ളത്.
സിംഹങ്ങള്‍ ആവാസവ്യവസ്ഥയിലെ പരമോന്നത വേട്ടക്കാരാണ്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നതില്‍ സിംഹങ്ങള്‍ക്ക് വളരെ വലിയ പങ്കുണ്ട്. സിംഹങ്ങളുടെ സംരക്ഷണം പ്രകൃതിദത്ത വനമേഖലകളുടെയും ആവാസവ്യവസ്ഥകളുടെയും സംരക്ഷണത്തിനും ജൈവവൈവിധ്യം പരിപാലനത്തിനും സഹായിക്കുന്നു.