ബ്രിസ്‌ബെന്‍ : പെരുമ്പാവൂർ സ്വദേശിനിയായ ലക്ഷ്മി ബാലചന്ദ്രന് നൃത്തം ജീവവായുവാണ്. ഓസ്ട്രേലിയയിലേക്ക് ജീവിതം പറിച്ചു നട്ടതോടെ ചിലങ്കയണിയാനുള്ള അവസരമില്ലാതെ ലക്ഷ്മിക്ക് ജീവിക്കേണ്ടി വന്നത് നാലു വർഷക്കാലം. നഴ്സിങ് ജോലിക്കിടയിലും നർത്തകിയായി ജീവിക്കുകയെന്ന സ്വപ്നം ഉപേക്ഷിക്കാൻ ലക്ഷ്മി തയാറായില്ല. ഒടുവിൽ ആശുപത്രിയിലെ സഹപ്രവർത്തകയായ ഓസ്ട്രേലിയക്കാരിയോട് ഒന്നു മനസ് തുറന്നതാണ് വഴിത്തിരിവായത്. ഇന്ന് ഈ 38കാരി സണ്‍ഷൈന്‍ കോസ്റ്റിലെ അറിയപ്പെടുന്ന നൃത്താധ്യാപികയാണ്. സ്വന്തമായി ലക്ഷ്യ എന്ന ഡാൻസ് സ്കൂൾ നടത്തുന്നു.
അമ്മ ഗിരിജയായിരുന്നു മകളെ അറിയപ്പെടുന്ന നർത്തകിയായി കാണാൻ ഏറെ ആഗ്രഹിച്ചത്. മൂന്നര വയസ്സിൽ ക്ലാസിക്കൽ നൃത്തം പഠിപ്പിച്ചു തുടങ്ങി. നാട്ടിലെ കലാവേദികളില്‍ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലുമെല്ലാം അരങ്ങു തകര്‍ത്ത് കാണികളുടെ കയ്യടി നേടി. വിജയം ടീച്ചർ, സിനിമാ താരവും നര്‍ത്തകിയുമായ ആശാ ശരത്തിന്‌റെ അമ്മ കലാമണ്ഡലം സുമതി, കലാമണ്ഡലം രവി, ആശാ ശരത്ത് തുടങ്ങി പ്രഗത്ഭരായ അധ്യാപകരുടെ കീഴിലായിരുന്നു അമ്മ മകളെ നൃത്തം പഠിപ്പിച്ചത്.
കാത്തിരിപ്പിന്റെ 7 വർഷങ്ങൾ
വിവാഹത്തിന് ശേഷം 2009ൽ ഭര്‍ത്താവ് അനൂപിനൊപ്പമാണ് മെല്‍ബണിലേക്ക് എത്തിയത്. സ്റ്റുഡന്റ് വീസയിലായിരുന്നു രണ്ടു പേരും. ആശുപത്രിയില്‍ നഴ്‌സ് ആയി ജോലിയില്‍ കയറി. ഭാവി കരുപിടിപ്പിക്കാനുള്ള ശ്രമത്തിനിടെ നൃത്തം തുടരാൻ അവസരങ്ങൾ തേടി പോകാൻ കഴിഞ്ഞില്ലെന്ന് ലക്ഷ്മി പറഞ്ഞു. 3 വര്‍ഷത്തിന് ശേഷം ന്യൂ സൗത്ത് വെയില്‍സിലേക്ക്. അവിടെ ഉൾ ഗ്രാമത്തിലെ ആശുപത്രിയിലായിരുന്നു ജോലി.
200 കിലോമീറ്റര്‍ ചുറ്റളവില്‍ പോലും ഒരു ഇന്ത്യക്കാരനെയോ ഒരു മലയാളിയുടെ മുഖം പോലും കാണാൻ കഴിയാത്ത സ്ഥലത്ത് 4 വർഷത്തോളം തീർത്തും ഒറ്റപ്പെട്ട ജീവിതമായിരുന്നു. ചിലങ്കയണിയാൻ വേദിയോ അവസരങ്ങളോ ഇല്ലെന്ന് മനസിലായതോടെ നൃത്തം മനസ്സിനുള്ളിലെ നീറ്റലായി മാറി. പക്ഷേ ഭർത്താവും അമ്മയും അച്ഛൻ ബാലചന്ദ്രനും അനിയൻ വിഷ്ണുവും ധൈര്യം നൽകി. പിന്നെ കാത്തിരിപ്പായിരുന്നു ഒരു വേദിക്കായി-ലക്ഷ്മി പറയുന്നു.
ക്ലെയർ നൽകിയ വേദി, അമ്മയുടെ പ്രാർഥന
ജോലിക്കിടയിലെ വിശ്രമ സമയങ്ങളിൽ എത്തുന്ന അമ്മയുടെ ഫോണുകളില്‍ സുഖ വിവരം അറിയുന്നതിനേക്കാള്‍ ഡാന്‍സ് അവതരിപ്പിക്കാന്‍ വേദി കിട്ടിയോ പ്രാക്ടീസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യങ്ങളായിരുന്നു കൂടുതലും. സാഹചര്യങ്ങള്‍ പലവട്ടം പറഞ്ഞിട്ടും അമ്മയ്ക്ക് മനസ്സിലായില്ല. നൃത്തം ഉപേക്ഷിക്കുമെന്ന് കരുതിയില്ലെന്നും വല്ലാതെ സങ്കടമുണ്ടെന്നും മാത്രമായിരുന്നു അമ്മയുടെ മറുപടി. ഡാൻസ് തുടരാൻ കഴിയാത്തതിൽ സങ്കടപ്പെട്ടുള്ള അമ്മയുടെ ഓരോ ഫോണ്‍ കോളും മനസ്സിന്റെ നീറ്റല്‍ കൂട്ടി. അവസരങ്ങളില്ലാതെ പോകുന്നതില്‍ മാനസികമായി ഏറെ വിഷമിച്ചു. നാല് വർഷത്തെ ഒറ്റപ്പെട്ട ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ്സുലയുമെന്ന് ലക്ഷ്മി പറയുന്നു.
ഒരു ദിവസം അമ്മയെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാത്തതിന്റെ സങ്കടത്തില്‍ അറിയാതെ വിങ്ങിപ്പൊട്ടി കരയുമ്പോഴാണ് സഹപ്രവര്‍ത്തക ഓസ്‌ട്രേലിയക്കാരി ക്ലെയർ എന്തുപറ്റിയെന്ന് ചോദിച്ചത്. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും അവൾ വിട്ടില്ല. പിന്നീടൊരിക്കൽ ക്ലെയർ ജോലി വിട്ട് പോകുന്ന ദിനത്തിന് മുൻപ് പിടിച്ചിരുത്തി വിശദമായി കാര്യങ്ങൾ ചോദിച്ചു. നഴ്സ് മാത്രമല്ല ഞാനൊരു നർത്തകിയാണെന്ന് അവളെ പറഞ്ഞു മനസ്സിലാക്കി. ഇന്ത്യയുടെ ക്ലാസിക്കൽ നൃത്തത്തെക്കുറിച്ച് പറഞ്ഞു. നൃത്തത്തിന്റെ വിഡിയോകളും ചിത്രങ്ങളും ഫോണിൽ കാണിച്ചു. കൗതുകമായിരുന്നു അവൾക്ക്. പിന്നീട് ക്ലെയർ ആശുപത്രിയിൽ കാണാൻ വന്നപ്പോൾ വീട്ടിലേക്ക് ക്ഷണിച്ചിട്ടാണ് പോയത്.
ക്ലെയറിനെ കാണാനായി വീട്ടില്‍ ചെന്നപ്പോള്‍ അമ്മയുടെ പിറന്നാള്‍ ആഘോഷമായിരുന്നു. നൂറിലേറെ ആളുകളുണ്ട്. പെട്ടെന്നായിരുന്നു അനൗണ്‍സ്‌മെന്റ്. ലക്ഷ്മി വേദിയിലേക്ക് വരാന്‍. തൊട്ടുപിന്നാലെ ഇന്ത്യയിലെ ക്ലാസിക്കല്‍ നര്‍ത്തകിയായ ലക്ഷ്മി നമുക്കായി ഡാന്‍സ് അവതരിപ്പിക്കാന്‍ പോകുന്നുവെന്ന അനൗണ്‍സ്‌മെന്റും. ആകെ ഞെട്ടി. ഏറെനാളായി പ്രാക്ടീസില്ല. കളിക്കാന്‍ ചിലങ്കയോ വസ്ത്രമോ ഇല്ല. പക്ഷേ അമ്മയെ മനസ്സിലോര്‍ത്ത് നൃത്തം ചെയ്തു. വലിയ കയ്യടിയോടെയായിരുന്നു നൃത്തം അവസാനിപ്പിച്ചത്. അമ്മയും ക്ലെയറും നല്‍കിയ ഊര്‍ജമായിരുന്നു മുന്നോട്ട് നയിച്ചത്. പക്ഷേ അർബുദബാധിതയായിരുന്ന ക്ലെയർ ഇന്ന് ഒപ്പമില്ലെന്നത് മനസിനേറ്റ വലിയ മുറിവാണെന്ന് ലക്ഷ്മി.
അവസരങ്ങളിലേക്ക്
നാട്ടില്‍ നര്‍ത്തകര്‍ക്ക് അവസരങ്ങള്‍ ഏറെയുണ്ട്. വിദേശത്ത് പക്ഷേ അവസരങ്ങള്‍ നോക്കിയിരിക്കണമെന്ന് ലക്ഷ്മി പറയുന്നു. 2017ൽ ക്യൂൻസ് ലാൻഡിലെ സണ്‍ഷൈന്‍ കോസ്റ്റിലേക്ക് താമസം മാറിയതോടെയാണ് ലക്ഷ്മിയുടെ ജീവിതം ആകെ മാറിയത്. ലക്ഷ്മിയുടെയും അമ്മയുടെയും സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ചത്. അതേ വർഷം തന്നെ സണ്‍ഷൈന്‍ കോസ്റ്റ് മലയാളി അസോസിയേഷന്റെ പ്രോഗ്രാമിൽ ഒറ്റയ്ക്ക് ഡാൻസ് അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചു. അന്നവിടെയുണ്ടായിരുന്ന ഒരുപാട് മലയാളികള്‍ ഡാന്‍സ് പരിപാടികളിലേക്ക് ക്ഷണിച്ചു. മക്കളെ ഡാന്‍സ് പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടു.
2 വർഷത്തോളം 20 കിലോമീറ്റര്‍ ദൂരെ വരെയുള്ള വീടുകളില്‍ പോയും ഹാളുകൾ വാടകയ്ക്ക് എടുത്തും കുട്ടികളെ നൃത്തം പഠിപ്പിച്ചു. മലയാളി കമ്യൂണിറ്റി വലിയ പ്രോത്സാഹനമായിരുന്നു. ഓണം, വിഷു, തുടങ്ങി ആഘോഷങ്ങളുടെ വേദികളിലെല്ലാം ഒറ്റയ്ക്കും ഗ്രൂപ്പായും ഡാന്‍സ് ചെയ്യാന്‍ അവസരം ലഭിച്ചു. ചൈനീസ് ന്യൂ ഇയറിലും വേദി ലഭിച്ചു. കുട്ടികളുടെ എണ്ണം കൂടിയതോടെ 2023 ലാണ് വീട്ടിൽ തന്നെ ലക്ഷ്യ സ്കൂൾ ഓഫ് ഡാൻസ് എന്ന പേരിൽ സ്കൂൾ തുടങ്ങിയത്.
നാല്‍പതിലധികം വിദ്യാര്‍ഥികള്‍, വിവിധ രാജ്യക്കാര്‍
5 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള 44 വിദ്യാര്‍ഥിനികളുടെ പ്രിയപ്പെട്ട ഗുരുവാണ് ലക്ഷ്മി ഇന്ന്. മലയാളികള്‍ മാത്രമല്ല ചൈനക്കാര്‍ വരെ ഇന്ത്യയുടെ ക്ലാസിക്കല്‍ നൃത്തം പഠിക്കാന്‍ എത്തുന്നുണ്ട്. ചെറിയ കുട്ടികളെ പഠിപ്പിക്കാന്‍ ക്ഷമ വേണം. അവര്‍ക്ക് പെട്ടെന്ന് മടുത്തുപോകാതെ അവരെ മോട്ടിവേറ്റ് ചെയ്തു കൊണ്ടിരിക്കണം. ഓരോ ചുവടും പഠിപ്പിക്കുമ്പോൾ കുട്ടികൾക്ക് ചോദ്യമേറെയാണ്. നൃത്ത ചുവടുകൾക്ക് പിന്നിലെ ഐതിഹ്യങ്ങളും കഥകളും വിശദീകരിച്ചു തന്നെ അവരോട് പറയണം. മുതിര്‍ന്നവര്‍ക്ക് ഡാന്‍സിനോടുള്ള ഇഷ്ടവും താല്‍പര്യവും മനസും കാണുമ്പോൾ വലിയ സന്തോഷമാണ് തോന്നുക. ഓസ്‌ട്രേലിയക്കാര്‍ക്കും ഡാന്‍സിനോട് ഇഷ്ടമാണ്. അതിലേറെ കൗതുകവും. അവരെ നൃത്തം പഠിപ്പിക്കുമ്പോൾ താനും പഠിക്കുകയാണെന്ന് ലക്ഷ്മി പറയുന്നു.
44 വിദ്യാര്‍ഥിനികളില്‍ 26 പേരുടെ അരങ്ങേറ്റമാണ് ഏപ്രില്‍ 4ന്. സണ്‍ഷൈന്‍ കോസ്റ്റിലെ ബീര്‍വ ഹാളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപികയും അരങ്ങേറ്റം കുറിക്കുന്നുണ്ട്. നൃത്തമല്ലെന്ന് മാത്രം. ലക്ഷ്മിയുടെ ചെണ്ടയുടെ അരങ്ങേറ്റവും കൂടിയാണ് ഇതോടൊപ്പം നടക്കുന്നത്. മകള്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥിനികളുടെ അരങ്ങേറ്റം കാണാന്‍ അമ്മ ഗിരിജയും ഇത്തവണ ഒപ്പമുണ്ടെന്നതാണ് ലക്ഷ്മിയുടെ വലിയ സന്തോഷം. അരങ്ങേറ്റ ചടങ്ങിലെ മുഖ്യാതിഥിയായി എത്തേണ്ട, തന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് തനിക്കായി അവസരമൊരുക്കി തന്നെ ക്ലെയര്‍ ഇതു കാണാനായി ഒപ്പമില്ലെന്ന സങ്കടം ഏറെയുണ്ടെന്ന് ലക്ഷ്മി കൂട്ടിച്ചേർത്തു.
തിരക്കിട്ട ജോലി, നൃത്താധ്യാപനം
നഴ്സിങ് ജോലി കഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളില്‍ ഞായര്‍ ഒഴികെ എല്ലാ ദിവസവും നൃത്തം പഠിപ്പിക്കുന്നുണ്ട്. ജോലിയും അധ്യാപനവും കുടുംബകാര്യങ്ങളും എല്ലാം കൂടി എങ്ങനെ സാധിക്കുന്നുവെന്ന് ചോദിച്ചാല്‍ ഭര്‍ത്താവ് അനൂപും എട്ടാം ക്ലാസുകാരനായ മാധവും അഞ്ചാം കാസ്ലുകാരനായ കാശിനാഥും കട്ട സപ്പോര്‍ട്ട് ആണെന്നാണ് ലക്ഷ്മിയുടെ മറുപടി. കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥിനിയായ ഇളയമകള്‍ അമ്മയ്‌ക്കൊപ്പം ചെറിയ രീതിയില്‍ നൃത്ത ചുവടുകള്‍ വച്ചു തുടങ്ങിയിട്ടുണ്ട്.
വാഹന പ്രേമിയായ ഭര്‍ത്താവ് ലക്ഷ്മിയുടെ ആഗ്രഹങ്ങള്‍ക്ക് കട്ട സപ്പോര്‍ട്ട് ആണെന്നതിന്റെ വലിയ തെളിവ് വീട്ടുമുറ്റത്തേക്ക് ചെല്ലുമ്പോള്‍ തന്നെ കാണാം-സ്വന്തം വാഹനങ്ങള്‍ ഇടുന്ന ഗാര്യേജ് ഭാര്യക്ക് ഡാന്‍സ് പഠിപ്പിക്കാനായി മനോഹരമായ ഡാന്‍സ് സ്റ്റുഡിയോ ആക്കി മാറ്റിയിരിക്കുകയാണ് കക്ഷി. കുഞ്ഞുനാള്‍ മുതല്‍ മനസില്‍ താലോലിച്ച സ്വപ്‌നം, അമ്മയുടെ ആഗ്രഹം പോലെ നര്‍ത്തകിയായി പേരെടുക്കണം. നൃത്തത്തിന് ജീവിതത്തില്‍ ഇനിയൊരു ഇടവേളയില്ലാതെ മുന്നോട്ട് പോകണം എന്നതാണ് ഈ പെരുമ്പാവൂരുകാരിയുടെ ആഗ്രഹം.