ലോക കായികമേളകളുടെ സംഘാടനത്തില്‍ ഒരുപിടി മാതൃകകള്‍ സൃഷ്ടിച്ചായിരുന്നു ഖത്തറില്‍ ലോകകപ്പ് ഫുട്ബാളിന് കഴിഞ്ഞ ഡിസംബറില്‍ കൊടിയിറങ്ങിയത്.
75 കി.മീ. പരിധിയില്‍ ഒരു നഗരത്തിലൊതുങ്ങിയ ആദ്യ ലോകകപ്പ് മുതല്‍ കാണികളുടെയും കളിക്കാരുടെയും അനുഭവങ്ങളില്‍ ഖത്തര്‍ അതിവിശിഷ്ടമായ ഒന്നായി മാറി. ഖത്തര്‍ സൃഷ്ടിച്ച മാതൃകകള്‍ കളിക്കാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കാണികളും മാധ്യമങ്ങളും പ്രശംസിക്കുകയും പലരും പകര്‍ത്തുകയും ചെയ്തെന്നതും ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ ആസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി നടക്കുന്ന വനിത ലോകകപ്പ് ഫുട്ബാള്‍ കളത്തില്‍നിന്ന് ഖത്തറിന്റെ മാതൃകയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന വാര്‍ത്തകളെത്തുന്നു. ലോകകപ്പ് സംഘാടനത്തിലും നടത്തിപ്പിലും ഖത്തര്‍ പിന്തുടര്‍ന്ന ‘ലെഗസി’ പദ്ധതികളെയാണ് ആസ്ട്രേലിയയും തങ്ങളുടെ ലോകകപ്പ് സംഘാടനത്തില്‍ പിന്തുടരുന്നത്.
2023ലെ വനിത ലോകകപ്പിന് ന്യൂസിലൻഡുമായി ടൂര്‍ണമെന്റിന്റെ സഹ ആതിഥേയത്വത്തിനുള്ള ബിഡ് വിജയിച്ച് ആറുമാസത്തിന് ശേഷമാണ് രാജ്യത്തെ കായിക ഭൂമികയെ പരിവര്‍ത്തിപ്പിക്കുന്നതിനുള്ള വഴിയായി ടൂര്‍ണമെന്റിനെ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ ലെഗസി പദ്ധതിക്ക് ആസ്ട്രേലിയ തുടക്കംകുറിക്കുന്നത്. ‘ലെഗസി 23’ എന്ന് പേരിട്ടിരിക്കുന്ന വനിത ലോകകപ്പ് പൈതൃക പദ്ധതിയെക്കുറിച്ച് ഫോര്‍ബ്സിന് നല്കിയ അഭിമുഖത്തില്‍, ലോകകപ്പ് ലെഗസി പദ്ധതികളുമായി ബന്ധപ്പെട്ട് ഖത്തര്‍ ചെയ്ത കാര്യങ്ങളെ സൂക്ഷമമായി ശ്രദ്ധിച്ചിരുന്നുവെന്ന് ഫുട്ബാള്‍ ആസ്ട്രേലിയയുടെ സി.ഇ.ഒ ജെയിംസ് ജോണ്സണ് പറഞ്ഞു. നഗര അടിസ്ഥാന സൗകര്യങ്ങള്‍, ഫുട്ബാള്‍ അടിസ്ഥാന സൗകര്യങ്ങള്‍, പുതിയ സ്റ്റേഡിയങ്ങള്‍ എന്നിവയില്‍ മാത്രമൊതുങ്ങുന്നതല്ല ഖത്തറിന്റെ ലെഗസി പദ്ധതികളെന്നും ആധുനിക സൗകര്യങ്ങളോടെയുള്ള ഗതാഗത സംവിധാനങ്ങളിലും ഖത്തര്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2022ലെ ഫിഫ ലോകകപ്പിനെ ഉപയോഗിച്ച് അത്യാധുനിക സ്റ്റേഡിയങ്ങളും ഗതാഗത സംവിധാനങ്ങളുമുള്പ്പെടുന്ന അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഖത്തര്‍ ആഗോള തലത്തില്‍ തങ്ങളുടേതായ മുദ്ര പതിപ്പിച്ചിരുന്നു. ഇപ്പോഴും ഖത്തര്‍ ലോകകപ്പിന്റെ പാരമ്ബര്യം കായികമേഖലയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് ചലിക്കുന്നത് തുടരുകയും ചെയ്യുന്നു. മേഖലയുടെ സാമൂഹിക, സാമ്ബത്തിക വളര്‍ച്ചയില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്താനും ഖത്തര്‍ ലോകകപ്പിന് സാധിച്ചു. പുരുഷ ലോകകപ്പിന്റെ അത്രത്തോളമില്ലെങ്കിലും വനിത ലോകകപ്പിനെ ഉപയോഗപ്പെടുത്തി ഖത്തറിനെ അനുകരിക്കാനുള്ള ഫുട്ബാള്‍ ആസ്ട്രേലിയയുടെ ശ്രമങ്ങള്‍ ശ്രദ്ധേയമാണ്.
ലോകകപ്പിന്റെ ലെഗസി പദ്ധതികളിലേക്ക് ഖത്തര്‍ ഗവണ്മെന്റ് നല്കുന്ന നിക്ഷേപത്തിന്റെ തോത് ഒരിക്കലും ലഭിക്കില്ലെന്നറിയാം. എന്നാല്‍, ഖത്തര്‍ നല്കിയ ചട്ടക്കൂടും തന്ത്രവും പരിശോധിച്ച് അത് പിന്തുടരാൻ പ്രചോദനം നല്‍കിയതായി ജെയിംസ് ജോണ്സണ് വ്യക്തമാക്കി. പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളോടെയാണ് ‘ലെഗസി 23’ ആസ്ട്രേലിയ വിഭാവനം ചെയ്തത്. രാജ്യത്തുടനീളം കളിയെ പ്രോത്സാഹിപ്പിച്ച് പങ്കാളിത്തം വര്‍ധിപ്പിക്കുക, വര്‍ധിച്ച നിക്ഷേപത്തിന് സര്‍ക്കാറുകളുമായി സഹകരിക്കുക, ലോകകപ്പിനുള്ള തയാറെടുപ്പിനായി ദേശീയ വനിത ടീമിനായി ഉയര്‍ന്ന പദ്ധതികള്‍ നടപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങളെന്നും വിശദീകരിച്ചു.
ലോകകപ്പ് പൈതൃക പദ്ധതികളെക്കുറിച്ചറിയാൻ 2022ലെ വനിത യൂറോ, 2022ലെ ഖത്തര്‍ ലോകകപ്പ്, 1994ലെ പുരുഷ ലോകകപ്പ്, 1999ലെ വനിത ലോകകപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകളെ സൂക്ഷ്മമായി പഠിച്ചെന്നും ജോണ്സണ് കൂട്ടിച്ചേര്‍ത്തു. ദേശീയ ടീമിന്റെ ഗ്രൂപ്പിലെ ആദ്യ മത്സര സ്റ്റേഡിയം സിഡ്നി ഫുട്ബാള്‍ സ്റ്റേഡിയത്തില്‍നിന്ന് ആസ്ട്രേലിയയിലേക്ക് മാറ്റിയത് ഇതിന്റെ ഉദാഹരണമാണെന്നും രാജ്യത്ത് നടന്ന ഒരു വനിത മത്സരത്തിനെത്തുന്ന കാണികളുടെ എണ്ണത്തില്‍ പുതിയ റെക്കോഡ് അവിടെ കുറിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആതിഥേയ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍നിന്ന് ഏഷ്യ-ഓഷ്യാനിയയിലെ വിശാലമായ ഭൂമികയിലേക്ക് ടൂര്‍ണമെന്റ് സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു.ദേശീയ വനിത ടീമിന്റെ തയാറെടുപ്പുകളുടെ ഭാഗമായി മുഴുവൻ ടോപ്പ് ടെൻ ടീമുകളുമായും ‘മട്ടില്ഡാസ്’ എന്ന വിളിപ്പേരുള്ള ദേശീയ ടീം മത്സരിച്ചെന്നും 2020ന്റെ തുടക്കത്തിലുണ്ടായിരുന്ന ബലഹീനതകളെ തിരിച്ചറിയാനും പരിഹരിക്കാനും ഇത് ഉപകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.