എൽ ഡി എഫ് സർക്കാർ അതിന്റെ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സർക്കാരിന്റെ നാലാം വർഷമാണെങ്കിലും തുടർഭരണത്തിന്റെ ഒമ്പതാം വർഷത്തിലേക്കാണ് നമ്മൾ കടക്കുന്നത്. കഴിഞ്ഞ എട്ടു വർഷംകൊണ്ട് സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. കേരളവികസനത്തിന്റെ അടിസ്ഥാനമായി വർത്തിച്ചവയ്ക്കൊക്കെ കോട്ടം തട്ടുന്ന അവസ്ഥയായിരുന്നു 2016 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ നിലവിലുണ്ടായിരുന്നത്. നമ്മുടെ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടപ്പെട്ടു. ആശുപത്രികൾ മതിയായ സൗകര്യങ്ങൾ ഇല്ലാതെ വിഷമിച്ചു. പാർപ്പിട പദ്ധതികളെല്ലാം നിലച്ചു. ക്ഷേമ പെൻഷനുകൾ കുടിശ്ശികയായിത്തീർന്നു. വികസനം മരവിച്ചു. ആ അവസ്ഥ മാറ്റിയെടുക്കലായിരുന്നു പുതിയ സർക്കാരിനു മുന്നിലെ പ്രധാന വെല്ലുവിളി.
അതിന്റെ ഭാഗമായി എൽ ഡി എഫ് സർക്കാർ പല പദ്ധതികൾ ആവിഷ്ക്കരിച്ചു. ഹരിതകേരള മിഷൻ ആരംഭിച്ചു, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടുവെച്ചു, ആർദ്രം പദ്ധതി നടപ്പാക്കി, ലൈഫ് മിഷൻ മുഖേന വീടുകൾ പണികഴിപ്പിച്ചു നൽകി. ഇന്ന് നമ്മുടെ പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. നമ്മുടെ ആശുപത്രികളിൽ നൂതന സൗകര്യങ്ങൾ ലഭ്യമാണ്. മെഡിക്കൽ കോളേജുകളിൽ മാത്രം ലഭ്യമായിരുന്ന പല ചികിത്സകളും ഇന്ന് താലൂക്കുതലം വരെയുള്ള ആശുപത്രികളിൽ ലഭ്യമാണ്.