തിരുവനന്തപുരം: കൃഷിക്കും വീടു നിർമിക്കുന്നതിനും പട്ടയം നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്കു വിനിയോഗിച്ചതു ക്രമപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥ ഉൾപ്പെടുത്തി 1960ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു. ബില്ലിന്റെ കരടിന് അംഗീകാരം നൽകി. ഈ നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനു പുതുതായി അപേക്ഷ സ്വീകരിച്ച് അനുമതി നൽകാനുള്ള അവകാശവും ഇതിൽ ലക്ഷ്യമിടുന്നുണ്ട്. ഏതൊക്കെ കാര്യങ്ങൾ ക്രമപ്പെടുത്താൻ സാധിക്കുമെന്നു നിയമനിർമാണത്തിനു ശേഷമുള്ള ചട്ട ഭേദഗതിയിലൂടെ മാത്രമേ വ്യക്തമാവൂ. ചട്ടങ്ങൾ ഉണ്ടാക്കാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥ കൂടി ബില്ലിലുണ്ട്.
കൃഷിക്കു പട്ടയം നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുകയും ജീവിത ഉപാധിക്കായുള്ള 1500 ചതുരശ്ര അടി വരെയുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തുകയുമാണു ലക്ഷ്യം. സർവകക്ഷി യോഗങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് ഭേദഗതിയുടെ കരട് തയാറായത്. പട്ടയഭൂമി കൃഷിക്കും വീടുവയ്ക്കാനും പൊതുവായ വഴിക്കും മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. തലമുറകൾ കൈമാറിയ ഭൂമിയിലെ നിർമാണങ്ങൾ നിയമ വിധേയമാക്കാനുള്ള മാനദണ്ഡങ്ങൾ സർക്കാരിനു തിരുമാനിക്കേണ്ടി വരും. നിശ്ചിത ഫീസ് ഈടാക്കി 1500 ചതുരശ്ര അടിക്ക് മുകളിലുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തുന്നതു ചട്ട ഭേദഗതിയിലൂടെയാണ് നിലവിൽ വരിക.
പട്ടയ ഭൂമിയിൽ ക്വാറികളും റിസോർട്ടുകളും മറ്റും വന്നതോടെയാണ് ഇക്കാര്യത്തിൽ പരാതി ഉയർന്നത്. ഭൂപതിവ് നിയമ പ്രകാരം പട്ടയം നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഇതു സു പ്രീം കോടതി സംസ്ഥാനം മുഴു ബാധകമാക്കുകയും ചെയ്തു. കോടതി വിധി അതേ പടി നടപ്പാക്കുന്നത് സാമൂഹിക പ്രശ്നമായി മാറും എന്നതിനാലാണ് നിയമവും ചട്ടവും ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. നിയമഭേദഗതി വന്നാലും പട്ടയഭൂമിയിൽ ഖനനാനുമതി നൽകുന്നതടക്കമുള്ള പ്രശ്നങ്ങൾ ശേഷിക്കും. ആശുപത്രി സംരക്ഷണ ഓർഡിനൻസിനു പകരമുള്ള ബിൽ, സഹകരണ നിയമഭേദഗതി ബിൽ തുടങ്ങിയവയും സഭയുടെ ഈ സമ്മേളനത്തിൽ വരുന്നുണ്ട്.