ലണ്ടന്‍ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഐ.പി.എല്‍ മുന്‍ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോദി രംഗത്ത്.അഴിമതി,കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെടുത്തി രാഹുല്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ യു.കെയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ലളിത് മോദി.
നീതിന്യായ വ്യവസ്ഥയില്‍ നിന്ന് താന്‍ ഒളിച്ചോടിയെന്ന് രാഹുല്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ചോദിച്ച ലളിത് മോദി താന്‍ ഒരിക്കലും ഒരു കുറ്റത്തിനും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങള്‍ തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുന്നെന്നും പറഞ്ഞു.
രാഹുലിനെ യു.കെയിലെ കോടതിയില്‍ കയറ്റും. തെളിവുകളുമായി രാഹുലിന് യു.കെയിലേക്ക് വരേണ്ടിവരും. രാഹുല്‍ സ്വയം വിഡ്ഢിയാകുന്നത് കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ലളിത് മോദി ട്വിറ്ററില്‍ കുറിച്ചു.
ഐ.പി.എല്ലില്‍ സാമ്ബത്തിക ക്രമക്കേട് ആരോപണം നേരിട്ട ലളിത് മോദി 2010മുതല്‍ ലണ്ടനിലാണ് കഴിയുന്നത്. ‘ലളിത് മോദി,നീരവ് മോദി,നരേന്ദ്ര മോദി… എല്ലാ കള്ളന്മാര്ക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നതെന്ന’ രാഹുല്‍ 2019ല്‍ നടത്തിയ പരാമര്‍ശം വിവാദമായി തുടരുന്നതിനിടെയാണ് ലളിതിന്റെ പ്രസ്താവന.