കുവൈത്ത് സിറ്റി: കുവൈത്തില്‍ ദേശീയ ദിനാഘോഷം അതിര് കടന്നപ്പോൾ 167ലേറെ പേർക്ക് കണ്ണിന് പരിക്കേറ്റു. മുന്നറിയിപ്പുകളെല്ലാം കാറ്റിൽപ്പറത്തി വാട്ടർ പിസ്റ്റളുകളും വാട്ടർ ബലൂണുകളും കൊണ്ടുള്ള ആഘോഷങ്ങളിലാണ് നിരവധി പേർക്ക് പരിക്കേറ്റത്. കുട്ടികളും കൗമാരക്കാരും ഉപയോഗിക്കുന്ന ബലൂണുകളും വാട്ടർ സ്പ്രേയറുകളും വളരെ അടുത്ത ദൂരത്തിൽ നിന്ന് വഴിയാത്രക്കാർക്ക് നേർക്കും അവരുടെ വാഹനങ്ങൾക്കുള്ളിലേക്കുമൊക്കെ ഉതിർത്തതാണ് പരിക്കിന് കാരണമായത്.
വിവിധ ആശുപത്രികളിലെ നേത്രരോഗ വിഭാഗങ്ങളിലേക്ക് നിരവധി പേരാണ് ചികിത്സയ്ക്ക് എത്തിയത്. ചെറിയ പരിക്കുകളുണ്ടായിരുന്നവര്‍ക്ക് ആഘോഷ സ്ഥലങ്ങളില്‍ വെച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നല്കി. ആരോഗ്യ മന്ത്രാലത്തിന് കീഴിളുള്ള ആശുപത്രികളിലെ ഓഫ്താല്മോളജി ഡിപ്പാര്‍ട്ട്മെന്റുകള്‍ രോഗികള്‍ക്ക് പരിചരണം നല്കി. വിദഗ്ധ പരിചരണം ആവശ്യമുള്ളവരെ മാത്രമാണ് അല്‍ ബഹ്ര് ഐ സെന്ററിലേക്ക് അയച്ചത്. കണ്ണുകള്‍ക്ക് ഉണ്ടാവുന്ന പരിക്കുകള്‍ നിസ്സാരമായി കാണരുതെന്നും അവ കാഴ്ചശക്തി നഷ്ടമാവുന്നത് ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നല്കി. സ്പ്രേ ചെയ്യുന്ന വെള്ളത്തിലെ മണ്ണും മണല്‍ തരികളുമൊക്കെ പരിക്കുകളുടെ രൂക്ഷത വര്‍ദ്ധിപ്പിക്കും.