കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്ബിലുണ്ടായ തീ പിടുത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി വേഗത്തിലാക്കുകയാണ് ഇന്ത്യ.
തിരിച്ചറിയുന്നവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനാണ് നീക്കം. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിംഗ് കുവൈത്തില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കും. ആവശ്യമെങ്കില്‍ പ്രത്യേക വിമാനം അയയ്ക്കും. വിദേശകാര്യ മന്ത്രാലയം വളരെ സൂക്ഷ്മമായി കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്.
പരിക്കേറ്റവർക്ക് എല്ലാ സഹായവും സർക്കാർ ഉറപ്പ് നല്‍കിയിട്ടുണ്ട്. അപകടത്തില്‍ പെട്ടതില്‍ തിരിച്ചറിഞ്ഞവരുടെ പേര് വിവരങ്ങള്‍ ഉടൻ എംബസി കേന്ദ്ര സർക്കാരിന് കൈമാറും. അതേസമയം, തീ പിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.
തീപിടിത്തത്തില്‍ മരിച്ചവരില്‍ ഒമ്ബത് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോട്ടയം പാമ്ബാടി സ്വദേശി സ്റ്റീഫൻ എബ്രഹാം സാബു കമ്ബനിയിലെ എഞ്ചിനീയറാണ്. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന് നായർ, വാഴമുട്ടം സ്വദേശി പി വി മുരളീധരന്, കൊല്ലം ഓയൂര്‍ സ്വദേശി ഷെമീര്‍, കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത്, തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, കൊല്ലം വെള്ളിച്ചിക്കാല സ്വദേശി ലൂക്കോസ്, പുനലൂർ വാഴവിള സ്വദേശി സാജൻ ജോർജ്, പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ സ്വദേശി സാജു വർഗീസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
പ്രമുഖ മലയാളി വ്യവസായി ആയ കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്ബനിയിലെ തൊഴിലാളി ക്യാമ്ബിലായിരുന്നു സംഭവം നടന്നത്. എൻബിടിസി കമ്ബനിയിലെ തൊഴിലാളികളായ 195 പേർ ഇവിടെ താമസിച്ചിരുന്നു. ഇന്നലെ പുലർച്ചെയാണ് മംഗഫയിലെ തൊഴിലാളി ക്യാമ്ബില്‍ തീപിടിത്തമുണ്ടായത്. 49 പേരാണ് മരിച്ചത്. ഇവരില്‍ 21 പേർ ഇന്ത്യക്കാരാണെന്നാണ് പുറത്തുവന്നരിക്കുന്ന വിവരം. ഇവരില്‍ 11 പേർ മലയാളികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തീ പിടിത്തത്തെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. അപകടം നടന്നത് രാവിലെ ആയതും മരണ സംഖ്യ ഉയരാൻ കാരണമായി. താഴത്തെ നിലയില്‍ സുരക്ഷാജീവനക്കാരന്റെ മുറിയില്‍നിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. താഴത്തെ നിലയില്‍ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളില്‍നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തില്‍നിന്നു ചാടിയവരില്‍ ചിലരുടെ പരുക്ക് ഗുരുതരമാണ്.