കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് വിവാദം പുതിയ തലത്തിലേക്ക് കടക്കുമ്പോൾ സർക്കാരിന് നേതൃത്വം നൽകുന്ന സി പി എമ്മിനും, സി പി എമ്മിന്റെ വിദ്യാർഥി സംഘടനയായ എസ് എഫ് ഐക്കും തലവേദന വർധിക്കുകയാണ്. വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റിന് പിന്നാലെ കായംകുളത്തെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റും കൂടി എത്തിയതോടെ വിവാദം പുതിയ തലത്തിലേക്ക് കടക്കുകയാണ്. എസ് എഫ് ഐക്കും സി പി എമ്മിനുമെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷത്തെ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അതിനിടെ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലും നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിലും ഇന്ന് എന്ത് സംഭവിക്കും എന്നതാണ് അറിയാനുള്ളത്. കോളേജുകളിൽ കെ എസ് യു പ്രഖ്യാപിച്ച വിദ്യാഭാസ ബന്ധും ഇന്നത്തെ ദിവസത്തെ നിർണായകമാക്കുന്നു.