റിയാദ്: ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പാസ്പോര്ട്ടില് വിസാ സ്റ്റിക്കറ്റുകള്‍ പതിക്കുന്നത് അവസാനിപ്പിച്ചതായി സൗദി അറേബ്യ അറിയിച്ചു. പകരം പൂര്‍ണമായി ഇലക്ട്രോണിക് വിസയിലേക്ക് മാറി. ഇന്ത്യയ്ക്ക് പുറമെ യുഎഇ, ഫിലിപ്പൈന്‍സ്, ജോര്‍ദാന്‍, ഈജിപ്ത് ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് വിസാ സ്റ്റിക്കറുകള്‍ പൂര്‍ണമായി ഒഴിവാക്കിയിരിക്കുന്നത്.
പാസ്പോര്ട്ടില് പതിച്ചിരുന്ന സ്റ്റിക്കറുകള്‍ക്ക് പകരം ഇലക്ട്രോണിക് വിസകളിലെ ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്തായിരിക്കും ഇനി വിവരങ്ങള്‍ പരിശോധിക്കുക. മേയ് ഒന്ന് മുതല്‍ ഈ ഏഴ് രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങളില്‍ പുതിയ സംവിധാനം സജ്ജമായിക്കഴിഞ്ഞതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തൊഴില്‍, താമസ, സന്ദര്‍ശക വിസകള്‍ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള വിസകള്‍ അനുവദിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുന്നതിനും കോണ്‍സുലാര്‍ സേവനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിന്റെയും ഭാഗമായാണ് പുതിയ പരിഷ്കാരമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.